
കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്ന് സി.പി.എം. വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികൾ തുറന്നടിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി ഘടകങ്ങളുടെ അഭിപ്രായം പരിഗണിക്കാത്ത സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യമിട്ടായിരുന്നു വിമർശനങ്ങൾ.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെട്ടത്. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക ജില്ലാ സെക്രട്ടേറിയറ്റ് മുതൽ മണ്ഡലം കമ്മിറ്റികൾ വരെ ചർച്ച ചെയ്തിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ശക്തമായ എതിർപ്പ് ഉയർന്നിട്ടും എന്തുകൊണ്ട് തിരുത്തൽ ഉണ്ടായില്ലെന്ന് പ്രതിനിധികൾ ചോദിച്ചു. മയ്യിൽ ഉൾപ്പെടെയുള്ള ഏരിയകളിൽ നിന്നുള്ളവർ എം.വി. ഗോവിന്ദൻ മാറുമ്പോൾ ഭാര്യയെ മത്സരിപ്പിക്കുന്നു എന്ന പൊതുധാരണ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു വാക്ക് കൊണ്ട് ഇതൊഴിവാക്കാമായിരുന്നുവെന്നും കുറ്റപ്പെടുത്തി. തോൽവിയുടെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടെ മാത്രം തലയിൽ കെട്ടിവയ്ക്കാനാവില്ലെന്നും മറുപടി നൽകേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവർ നിലപാടെടുത്തു. പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിക്കുന്നതിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പരാജയപ്പെട്ടുവെന്നും ആക്ഷേപം ഉയർന്നു.
പയ്യന്നൂരിൽ സ്ഥാനാർത്ഥി നിർണയത്തേക്കാൾ വിഭാഗീയതയാണ് തിരിച്ചടിക്കു കാരണമായതെന്നാണ് പ്രതിനിധികളുടെ വിലയിരുത്തൽ. ടി.ഐ. മധുസൂദനനൊപ്പം പ്രചാരണത്തിനിറങ്ങിയവർ തന്നെ അദ്ദേഹത്തിനെതിരെ പ്രവർത്തിച്ചെന്ന ആരോപണവും ഉയർന്നു. ഇത് അന്വേഷിക്കാൻ നിയോഗിച്ച എൻ. ചന്ദ്രൻ, പി. ഹരീന്ദ്രൻ എന്നിവരടങ്ങിയ രണ്ടംഗ കമ്മിഷൻ ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഈ കാലതാമസത്തിനും വിശദീകരണം വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, അത് അണികളെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് പ്രവർത്തന റിപ്പോർട്ട് സമ്മതിക്കുന്നു. വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ പ്രതിരോധിക്കാനായില്ലെന്നും അദ്ദേഹത്തിന്റെ പാർട്ടി വിരുദ്ധ നിലപാട് തിരിച്ചറിയുന്നതിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി പരാജയപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. മട്ടന്നൂർ ഏരിയ കമ്മിറ്റിക്കും രൂക്ഷവിമർശനമുണ്ട്. കെ.കെ. ശൈലജയെ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്കു മാറ്റിയത് അവരെ ഒതുക്കാനാണെന്ന പ്രചാരണം പ്രതിരോധിക്കാനായില്ലെന്ന വിലയിരുത്തലുണ്ടായി.
ചില പ്രതിനിധികൾ എ.എൻ. ഷംസീറിനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഗോവിന്ദനെ മാത്രം പഴിക്കാനാവില്ലെന്ന് ചില നേതാക്കൾ പറഞ്ഞു. ദസറ, മഹാനവമി ആഘോഷങ്ങളെ തുടർന്ന് മാറ്റിവച്ച മഹാറാലി 25ന് നടക്കും.
പിണറായിസർക്കാരിനും വിമർശനം
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതിനെതിരെയും പ്രതിനിധികൾ ചോദ്യങ്ങളുയർത്തി. എസ്.എസ്.കെ ഫണ്ടിനായി ഒപ്പിടേണ്ടി വന്നെങ്കിൽ അക്കാര്യം പൊതുസമൂഹത്തോട് തുറന്നുപറയാതിരുന്നത് എന്തുകൊണ്ടെന്നും ഇത് സി.പി.ഐയുമായുള്ള ഭിന്നതയിലേക്ക് നയിച്ചത് ദീർഘവീക്ഷണമില്ലായ്മയല്ലേ എന്നും അവർ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |