SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.38 AM IST

നിതിൻ രാജിന്റെ ആത്മഹത്യ: ആളിക്കത്തി പ്രതിഷേധം

ksu
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് കോളേജ് കാമ്പസിലേക്ക് കെ.എസ്‌.യു നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

സമരക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി


കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ബി.ഡി.എസ് വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ മരണത്തിൽ വൻ പ്രതിഷേധവുമായി സംഘടനകൾ. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ കോളേജിൽ വലിയ പ്രതിഷേധ തരംഗം തന്നെയാണ് ഉടലെടുത്തത്. കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്, ബി.ജെ.പി, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ, എ.ബി.വി.പി, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘനകൾ ഒന്നിന് പുറകെ ഒന്നായി കോളേജിലേക്ക് പ്രതിഷേധവുമായെത്തി. പ്രതിഷേധം കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമാണ് കോളജിന് മുന്നിൽ നിലയുറപ്പിച്ചത്.

കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മരണത്തിൽ പ്രതികളായ അദ്ധ്യാപകരെ പൊലീസ് സംരക്ഷിക്കുകയാണെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളേജ് ഗേറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞെങ്കിലും പ്രവർത്തകർ കാമ്പസിനുള്ളിലേക്ക് ഇരച്ചുകയറി. ഇതോടെ പൊലിസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്ത് നീക്കി.

രാവിലെ 10.30 ഓടെയാണ് എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. എം.എസ്.എഫ് ദേശീയ സമിതി അംഗം ഇജാസ് ആറളം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. യൂനസ് പടന്നോട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. കാമ്പസിലെ ജാതിവെറിയെ ചെറുക്കുമെന്ന് സുകന്യ പറഞ്ഞു. ടി.വി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ ശ്യാമള, കെ.പി.വി പ്രീത, എം.വി സരള, ടി. ഷബ്ന പ്രസംഗിച്ചു.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സി.പി.എം സംസ്ഥാന സെട്ട്രേറിയേറ്റ് അംഗം എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. കൈയും കാലും അടിച്ചുപൊട്ടിക്കാനുള്ള ക്വട്ടേഷൻ പണിയാണോ അദ്ധ്യാപകർക്കെന്നും ഒരു പ്രത്യേകതരം ഞരമ്പുരോഗമുള്ള ഈ അദ്ധ്യാപകനെ ഇനി കോളജിലേക്ക് കയറാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ കെ.ജി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. സരിൻ ശശി, പി.എം അഖിൽ, എം.വി ഷിമ, മുഹമ്മദ് സിറാജ്, വൈഷ്ണവ് മഹേന്ദ്രൻ, പി.വി വിനീത്, ടി.പി നിവേദ് എന്നിവർ നേതൃത്വം നൽകി. എ.ഐ.വൈ.എഫ് പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് നടത്തിയ പ്രതിഷേധത്തിന് കെ.വി. രജീഷ്, കെ.വി. സാഗർ, പി.എ ഇസ്മയിൽ, പി. അനീഷ് എന്നിവർ നേതൃത്വം നൽകി.


എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

എസ്.എഫ്.ഐ കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. കോളജിന്റെ ബാരിക്കേഡ് മറികടന്ന് അകത്തുകയറിയ പ്രവർത്തകർ കാമ്പസിന് മുന്നിൽ പ്രതിഷേധിച്ചു. മുൻവശത്തെ കവാടത്തിന്റെ ഗ്ലാസും കാമ്പസിലെ പൂച്ചട്ടികളും തകർത്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ഉത്തരവാദിയായ അദ്ധ്യാപകനെ കാമ്പസിൽ നിന്നുതന്നെ പുറത്താക്കണമെന്ന് സഞ്ജീവ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.പി. ആദർശ് അദ്ധ്യക്ഷത വഹിച്ചു. കോളജ് യൂണിയൻ പ്രതിനിധികളായ ഡോ. ശാരിക ബാബുരാജ്, ഡോ. നിഹ കെ. നാരായൺ, ജോയൽ തോമസ്, ടി.പി അഖില, ശരത് രവീന്ദ്രൻ, നന്ദജ് ബാബു നേതൃത്വം നൽകി.

ബാരിക്കേഡ് മറികടന്ന് യുവമോർച്ച
യുവമോർച്ച, ബി.ജെ.പി പ്രവർത്തകരും ബാരിക്കേഡ് മറികടന്ന് കോളേജിനകത്ത് കയറി. അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി, ഹരീഷ് ബാബു, അരുൺ കൈതപ്രം സംസാരിച്ചു. എ.ബി.വി.പി പ്രവർത്തകർ കോളജിനു മുന്നിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി യദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അതുൽദാസ്, ജില്ലാ സെക്രട്ടറി ജി കിരൺദേവ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL