
വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര ചേന്നൻപാറ മേഖലയിൽ അപകടങ്ങളും അപകടമരണവും തുടർക്കഥയാകുന്നു. അടുത്തിടെ മൂന്ന് അപകടമരണവും ആറ് അപകടങ്ങളുമാണ് ഇവിടെ നടന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ചാരുപാറ സ്വദേശി വേണുനായിഡു കാറിടിച്ച് മരിച്ചു. ഇടിച്ചിട്ടശേഷം കാർ അമിതവേഗതയിൽ പാഞ്ഞുപോകുകയായിരുന്നു. കഴിഞ്ഞമാസം ഇതേ സ്ഥലത്ത് കാറിടിച്ച് ചേന്നൻപാറ ഷൈജുവും മരണപ്പെട്ടിരുന്നു. അപകടത്തിൽ ഷൈജുവിന്റെ മക്കളായ വസുദേവിനും വസുകിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. നേരത്തേ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ തോട്ടുമുക്ക് സ്വദേശിയും വിദ്യാർത്ഥിയുമായ മുഹമ്മദ് നായിഫും മരണപ്പെട്ടിരുന്നു. അമിതവേഗവും അശ്രദ്ധയുമാണ് മരണകാരണം.
മരണം......3
അപകടങ്ങൾ......6
ചീറിപ്പാഞ്ഞ് ബൈക്ക് റേസിംഗ് സംഘങ്ങൾ
പൊൻമുടിയിലേക്കുൾപ്പെടെ വാഹനങ്ങൾ ചീറിപ്പാഞ്ഞാണ് പോകുന്നത്. റോഡിൽ ബൈക്ക് റേസിംഗ് സംഘങ്ങളും സജീവമാണ്. ലൈസൻസില്ലാത്ത വിദ്യാർത്ഥികളും ബൈക്കുകളിൽ സഞ്ചരിക്കുന്നുണ്ട്. അടുത്തിടെ അപകടങ്ങൾ കൂടുതൽ നടക്കുന്ന ചേന്നൻപാറ മേഖലയിൽ വിതുര പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ അപായബോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് പരിശോധനകാര്യക്ഷമമാക്കണമെന്നും അമിതവേഗക്കാരെ പിടികൂടി കനത്തപിഴ ചുമത്തണമെന്നും ചേന്നൻപാറ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |