SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

തന്നോടുള്ള പ്രതികാരം അമ്മയോട്;  സി.പി.എമ്മിനെതിരെ വൈശാഖ്

cpm

പയ്യന്നൂർ: അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തന്നോടുള്ള പ്രതികാരം അമ്മയോട് തീർക്കുകയാണെന്ന് ആരോപിച്ച് കാര വാർഡ് കൗൺസിലറും സി.പി.എം വിമതനുമായ സി. വൈശാഖ് രംഗത്ത്. കാര അങ്കണവാടി ടീച്ചറായ അമ്മയ്ക്കെതിരെ പാർട്ടിക്കാർ എന്ന് അവകാശപ്പെടുന്ന ചിലർ അഞ്ച് പരാതികൾ നൽകിയ സാഹചര്യത്തിൽ ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അങ്കണവാടിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു, ആ ചടങ്ങിൽ കൗൺസിലറെ പങ്കെടുപ്പിച്ചു, അങ്കണവാടിയുടെ റീൽ ചിത്രീകരണം നടത്തി, ഒരു ക്ലബ് കുട്ടികൾക്ക് ബിരിയാണി നൽകി തുടങ്ങിയ കാര്യങ്ങളുന്നയിച്ചാണ് പരാതികളെന്ന് വൈശാഖ് വ്യക്തമാക്കി.
ഇതുവരെ ജോലിയിൽ ഒരു പരാതിയും ഉണ്ടായിട്ടില്ലാത്ത, ഇടതനുകൂല യൂണിയനിൽ അംഗമായ അമ്മയ്ക്കെതിരെ ഒറ്റയടിക്ക് അഞ്ച് പരാതി ഉയരുന്നത് ആകസ്മികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലയിലെ നിരവധി അങ്കണവാടികളിൽ ഇഫ്താർ വിരുന്നും ബിരിയാണി വിതരണവും നടന്നിട്ടും ഒരിടത്തും ഇല്ലാത്ത പ്രശ്നം ഇവിടെ മാത്രം ഉയർത്തുന്നതിന്റെ ഉദ്ദേശ്യം ആർക്കും മനസ്സിലാകുന്നതാണെന്നും വൈശാഖ് പറയുന്നു.
ഉദ്യോഗസ്ഥർ രക്ഷിതാക്കളുടെ യോഗം വിളിച്ചുചേർത്ത് ടീച്ചറുടെ പ്രവർത്തനം വിലയിരുത്തിയ ഉടൻ, ചില രക്ഷിതാക്കൾ തന്നെ ബന്ധപ്പെട്ട് ഇത് ബോധപൂർവമുള്ള നീക്കമാണെന്ന് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. വിഷയം വഷളാകരുതെന്ന് കരുതി അമ്മ ഇക്കാര്യങ്ങൾ ഇതുവരെ മകനോട് പോലും പറഞ്ഞിരുന്നില്ല. ഉടൻ അമ്മയെ ട്രാൻസ്ഫർ ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്‌തേക്കുമെന്ന ആശങ്കയും വൈശാഖ് ഫേസ്ബുക്കിൽ പ്രകടിപ്പിച്ചു.
തന്നെ വേട്ടയാടുന്നത് ഉൾക്കൊള്ളാം, എന്നാൽ തന്റെ പേരിൽ അമ്മയെ വേട്ടയാടുന്നതെന്തിനെന്നും ഈ പാർട്ടിയെ ചിലർ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നും പ്രതികാര നടപടികൾ എത്ര തുടർന്നാലും ഒരടി പിന്നോട്ടില്ലെന്നും വൈശാഖ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL