SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

നിർമാണം നിലച്ച് മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയം

stadium
നിർമാണം പൂർത്തിയാക്കാതെ കിടക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിലെ ബാഡ്മിന്റൺ കോർട്ട്

കേളകം: മലയാര മേഖലയിലെ കായിക പ്രതിഭകൾക്ക് ആശ്രയമേകാനുതകുന്ന കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം നിലച്ചു. അനുവദിച്ച തുകയ്ക്ക് പണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെയാണ് പ്രതിസന്ധിയുണ്ടായത്.

ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് തുടക്കത്തിൽ ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടർന്ന്

പി. സന്തോഷ് കുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും അനുവദിച്ചു. 2023 ജൂലായ് 13 നാണ് സ്റ്റേഡിയത്തിന്റെ നിർമാണം തുടങ്ങിയത്. എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിഭാഗമാണ് നിർമാണം നടത്തിയിരുന്നത്. ഗുണഭോക്തൃ സമിതിയുടെ നിർദ്ദേശപ്രകാരം എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികളിൽ മാറ്റങ്ങൾ വരുത്തിയതോടെയാണ് അനുവദിക്കപ്പെട്ട തുകയ്ക്ക് പണിപൂർത്തിയാക്കാൻ കഴിയാതെ വന്നത്. എസ്റ്റിമേറ്റ് പുതുക്കി സമർപ്പിച്ചെങ്കിലും നിർമാണം പൂർത്തിയാക്കാത്തതിനാൽ അംഗീകാരം ലഭിച്ചില്ല. ബില്ല് പാസാകാത്തതിനാൽ കരാറുകാരനും പണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.

വൈദ്യുതീകരണത്തിന് മാത്രം 11 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ട് ബാഡ്മിന്റൺ കോർട്ടുകളാണ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കുന്നത്. കോർട്ടുകളുടെ നിർമ്മാണത്തിനും ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആവശ്യമായ മറ്റ് സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇനിയും ലക്ഷക്കണക്കിന് രൂപ വേണം. കൂടുതൽ തുക അനുവദിച്ചാൽ മാത്രമേ ബാക്കിയുള്ള പ്രവൃത്തികൾ കൂടി പൂർത്തിയാക്കി ഇൻഡോർ സ്റ്റേഡിയം തുറന്നുകൊടുക്കാൻ സാധിക്കുകയുളളു.
മിനി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുള്ള സിവിൽ വർക്കുകൾ നടത്തിയിട്ടുണ്ടെന്നാണ് എൽ.എസ്.ജി.ഡി എഞ്ചിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

താത്കാലിക സ്റ്റേഡിയം പൊളിച്ചു നീക്കി

ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന് മുമ്പ് മുപ്പതോളം കായിക പ്രതിഭകൾ ഇവിടെ തുടർച്ചയായി പരിശീലനം നടത്തിവന്നിരുന്നു. സ്വന്തമായി പണം മുടക്കി താത്കാലിക സ്റ്റേഡിയം നിർമ്മിച്ചായിരുന്നു പരിശീലനം. പുതിയ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചപ്പോൾ താത്കാലിക സ്റ്റേഡിയം പൊളിച്ചു നീക്കി. ഇതോടെ കളിക്കാർ ദൂരത്തുള്ള മറ്റ് കളിക്കളങ്ങളെയാണ് നിലവിൽ ആശ്രയിച്ചിരിക്കുന്നത്. മഞ്ഞളാംപുറം ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവൃത്തി പൂർത്തിയായാൽ കുട്ടികൾ ഉൾപ്പെടെ പഞ്ചായത്തിലെ കായികപ്രേമികൾക്കെല്ലാം വളരെ ഉപകാരപ്രദമായി മാറുമെന്നും പ്ലേ ഫോർ ഹെൽത്തി കേളകം എന്ന മലയോരത്തിന്റെ കായിക സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ കൈവരുമെന്നാണ് കേളകത്തെ കായിക പ്രേമികൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, STADIUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL