SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

നടപടിയെടുത്താൽ പൊട്ടിത്തെറി ഒഴിവാക്കിയാൽ അച്ചടക്കം തകരും; ത്രിശങ്കുവിൽ കണ്ണൂർ സി.പി.എം

cpm
സി.പി.എം

കണ്ണൂർ: തിരഞ്ഞെടുപ്പിൽ ജില്ലയിൽ നേരിട്ട തിരിച്ചടി സി.പി.എം നേതൃത്വത്തെ ഏറ്റവും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് വിമതർ ജയിച്ച തളിപ്പറമ്പും പയ്യന്നൂരും. ആഭ്യന്തര അച്ചടക്ക ലംഘനം കണ്ടില്ലെന്ന് നടിച്ചാൽ പാർട്ടി അടിത്തറ നഷ്ടപ്പെടും; നടപടിക്ക് മുതിർന്നാൽ സംഘടനയിൽ പൊട്ടിത്തെറി ഉറപ്പ്.

പയ്യന്നൂർ, തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗങ്ങൾ ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. തോൽവി വിലയിരുത്താൻ ചേർന്ന പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം രൂക്ഷമായ വാക്കേറ്റത്തിലാണ് അവസാനിച്ചത്. പാർട്ടി വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി. കുഞ്ഞികൃഷ്ണന് വോട്ട് ചോർത്തിയത് സ്വന്തം നേതാക്കൾ തന്നെയാണെന്ന് അംഗങ്ങൾ ആരോപിച്ചു. ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇതിൽ പങ്കാളിയാണെന്നതിന് തെളിവ് ചൂണ്ടിക്കാട്ടിയതോടെ യോഗം കൂടുതൽ കലുഷിതമായി.

സി.പി.എമ്മിനെ എക്കാലവും ജയിപ്പിച്ച ചരിത്രമുള്ള പയ്യന്നൂരിൽ ഇത്തവണ ഉണ്ടായ ദയനീയ പരാജയം ബോധപൂർവ്വമാണെന്ന ആരോപണം ഗൗരവതരമാണ്. നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും കുഞ്ഞികൃഷ്ണനെ സഹായിക്കുകയും രാത്രികാലങ്ങളിൽ രഹസ്യപ്രചാരണം നടത്തിയതായും ആരോപണമുണ്ട്. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുന്നതിനു പകരം അദ്ദേഹത്തെ അപമാനിക്കുകയും വിലകുറച്ചു കാണുകയും ചെയ്തുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. രക്തസാക്ഷി ഫണ്ടിന്റെ കണക്ക് പുറത്തുവരില്ലെന്ന ജില്ലാ നേതൃത്വത്തിന്റെ സൂചന അമർഷം ആളിക്കത്തിച്ചു. 'ഇത്തരത്തിൽ മുന്നോട്ടുപോയാൽ പാർട്ടി തകരും. പ്രവർത്തകരും അനുഭാവികളും പോലും പാർട്ടി തോൽക്കണമെന്ന് ആഗ്രഹിക്കുന്ന അവസ്ഥ വന്നു' ഇതായിരുന്നു യോഗത്തിലെ വിലയിരുത്തൽ. ഏരിയ കമ്മിറ്റി പിരിച്ചുവിടണമെന്നും തോൽവിയുടെ കാരണങ്ങളും നേതാക്കളുടെ പങ്കും അന്വേഷിക്കാൻ കമ്മിഷനെ വയ്ക്കണമെന്നും ആവശ്യമുയർന്നു.

എന്നാൽ ഉൾക്കൊള്ളാൻ ഏറ്റവും വിഷമകരമായ പ്രതിസന്ധി കാത്തിരിക്കുന്നത് തളിപ്പറമ്പിലാണ്. പാർട്ടിക്കെതിരെ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ടി.കെ ഗോവിന്ദൻ ആ മണ്ഡലത്തിന്റെ എം.എൽ.എ. ആണ്. ഇദ്ദേഹത്തോട് ശത്രുതാ മനോഭാവം കാണിക്കുന്നത് ആത്മഹത്യാപരമാകുമെന്ന് നേതൃത്വം വിലയിരുത്തുന്നു. തളിപ്പറമ്പിൽ സി.പി.എമ്മിന് എം.പിയോ എം.എൽ.എയോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റോ സംസ്ഥാന ഭരണമോ ഇല്ല. പരിയാരം, കുറുമാത്തൂർ, മയ്യിൽ, കുറ്റ്യാട്ടൂർ, മലപ്പട്ടം പഞ്ചായത്തുകളും ആന്തൂർ നഗരസഭയും മാത്രമാണ് കൈവശമുള്ളത്. ഈ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രസംസ്ഥാന ഫണ്ടും പദ്ധതിയും ലഭ്യമാക്കണമെങ്കിൽ എം.എൽ.എയുടെ സഹകരണം ആവശ്യമാണ്. ഇതിനകം ടി.കെ ഗോവിനദൻ ഇവിടങ്ങളിലെ ജനപ്രതിനിധികളോട് പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത വിയോജിപ്പില്ലാതെ ടി.കെ. ഗോവിന്ദനെ മുന്നോട്ടുപോകാൻ അനുവദിക്കുന്ന നിലപാടായിരിക്കും സി.പി.എം സ്വീകരിക്കുകയെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL