SignIn
Kerala Kaumudi Online
Monday, 25 May 2026 1.59 AM IST

ലാഭ യാത്രയിൽ കെ.എസ്.ആർ.ടി.സി;  ജീവനക്കാരില്ലാത്തത് വെല്ലുവിളി

ksrtc

ടൂർ പാക്കേജിൽ കണ്ണൂരിന്

20 ദിവസം, 42 ലക്ഷം രൂപ

കണ്ണൂർ: നഷ്ടക്കയത്തിൽ താഴ്ന്നുപോകുമെന്ന് ആശങ്കിച്ച കെ.എസ്.ആർ.ടി.സി കരകയറുന്നു. പരിഷ്‌കരണങ്ങളും ബദൽ വരുമാന മാർഗങ്ങളും ഒന്നിച്ച് ചേർന്നപ്പോൾ, ഏറ്റവും തിളക്കമാർന്ന അദ്ധ്യായം രചിക്കുന്നത് കണ്ണൂർ ഡിപ്പോ. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഡിപ്പോ ആണ് കണ്ണൂർ.

ഈ മാസം ആദ്യത്തെ 20 ദിവസം കൊണ്ട് തന്നെ കണ്ണൂർ ജില്ല ബഡ്ജറ്റ് ടൂറിസം വരുമാനത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തി. ആകെ 42 ലക്ഷം രൂപ ലഭിച്ചു. പ്രതിമാസ ലക്ഷ്യമായ 56 ലക്ഷം രൂപ പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പു പറയുന്നു. ഏപ്രിലിൽ തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു കണ്ണൂർ. എന്നാൽ, ആ ജില്ലകളിൽ ഡിപ്പോകളുടെ എണ്ണം കണ്ണൂരിനേക്കാൾ കൂടുതലാണ്. ഡബ്ൾ ഡക്കർ സർവീസുകളുടെ വരുമാനം പോലും ബഡ്ജറ്റ് ടൂറിസം കണക്കിൽ ഉൾപ്പെടുന്ന ആ ജില്ലകളെ മറികടന്ന്, ടൂർ പാക്കേജ് വരുമാനത്തിൽ മാത്രം കണ്ണൂർ ഒന്നാമതെത്തി എന്നത് ശ്രദ്ധേയമാണ്. ഡിസംബറിലും ഒന്നാം സ്ഥാനം കണ്ണൂരിനായിരുന്നു.


4 വർഷം, 1,500 സർവീസുകൾ

കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നാണ് ജില്ലയിൽ ടൂറിസം സർവീസ് പ്രവർത്തിക്കുന്നത്. വാഗമൺ, ഗവി, മൂന്നാർ, കൊല്ലൂർ, ഗോവ എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയും നിലമ്പൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു ദിവസത്തെ യാത്രയും ഗുരുവായൂർ, മൂകാംബിക തീർത്ഥാടന യാത്രകളും ഏർപ്പെടുത്തിയിട്ടുണ്ട്. നാല് വർഷത്തിനിടെ 1,500ലധികം സർവീസുകൾ കണ്ണൂർ ഡിപ്പോ നടത്തിക്കഴിഞ്ഞു.
ജൂൺ, ജൂലായ് മാസങ്ങളിൽ മൺസൂൺ പാക്കേജുകൾ നടപ്പാക്കും. മലക്കപ്പാറ, നെല്ലിയാമ്പതി, വാഗമൺ എന്നിവിടങ്ങളിലേക്ക് രണ്ടുദിവസത്തെ യാത്രയും വയനാട്, പൈതൽമല, റാണിപുരം, നിലമ്പൂർ എന്നിവിടങ്ങളിലേക്ക് ഏകദിന യാത്രകളും ആസൂത്രണം ചെയ്തിട്ടുണ്ട്.


ദൈനംദിന ട്രിപ്പുകൾ മുടങ്ങുന്നു

ബഡ്ജറ്റ് ടൂറിസം പാക്കേജ് സർവീസുകൾക്കായി ഡ്രൈവർമാരെ നിയോഗിക്കുന്നത് ദൈനംദിന സർവീസുകളെ ബാധിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ദീർഘദൂര ടൂറിസം ബസ്സുകളിൽ രണ്ട് ഡ്രൈവർമാർ നിർബന്ധമാണ്. എന്നാൽ ഇത് ദൈനംദിന സർവീസുകളെ ബാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം ജീവനക്കാരുടെ ക്ഷാമമുണ്ടെന്നും അംഗീകരിക്കുന്നു. ഒരു വർഷം മുൻപ് ദിവസേന 94 സർവീസ് ഉണ്ടായിരുന്ന കണ്ണൂർ ഡിപ്പോ ഇന്ന് 100 സർവീസ് ആക്കി ഉയർത്തിയിട്ടുണ്ട്. 46 ഡ്രൈവർമാരുടെയും 10 കണ്ടക്ടർമാരുടെയും കുറവ് വിടവ് സൃഷ്ടിക്കുന്നു. ദിവസേന അഞ്ചു മുതൽ എട്ടു വരെ സർവീസുകൾ റദ്ദാക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഈ ഒഴിവ് നികത്താൻ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താൽക്കാലിക നിയമനം നടത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL