SignIn
Kerala Kaumudi Online
Friday, 12 June 2026 6.30 AM IST

പഴശ്ശി സാഗർ മിനി ജലവൈദ്യുതി പദ്ധതി കമ്മിഷനിംഗ് അടുത്ത വർഷം

sunni
വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോൾ

ഇരിട്ടി: പഴശ്ശി സാഗർ മിനി ജല വൈദ്യുത പദ്ധതിയിൽ നിന്നും അടുത്ത കാലവർഷം തുടങ്ങുന്നതിന് മുൻപ് വൈദ്യുതി ഉത്പദിപ്പിക്കുമെന്ന് പദ്ധതിസ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. 2027 മേയ് 31നുള്ളിൽ പദ്ധതി കമ്മിഷൻ ചെയ്യാനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാരനും നൽകിയതായും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ പൂർത്തീകരണം ഒന്നോ രണ്ടോ മാസം വൈകിയാൽ ഒരു സീസണിലെ ഉത്പാദനം പൂർണ്ണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. പദ്ധതിയിലേക്കുള്ള നീരൊഴുക്കിനെയും കാലാവസ്ഥയെയും അടിസ്ഥാനമാക്കി മാത്രം പ്രവർത്തിക്കുന്ന പദ്ധതിയാണിത്. അതുകൊണ്ട് തന്നെ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കും. പഴശ്ശി അണക്കെട്ടിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണം പുരോഗമിക്കുന്നത്.

പവർഹൗസിന്റെ നിർമ്മാണം 30 ശതമാനവും പൂർത്തിയായതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. സിവിൽ വർക്കിന് 56.91 കോടിയും മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തിക്ക് 57.87കോടിയുമാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. പഴശ്ശി പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണത്തെ ബാധിക്കാത്ത വിധത്തിലാണ് വൈദ്യുതോത്പാദനമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി ജനറേഷൻ വിഭാഗം ഡയറക്ടർ എം.പി. രാജൻ, ചീഫ് എൻജിനീയർ വി. വിനോദ്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഇ.കെ. സിന്ധു, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ സി.കെ. അനിൽ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ മെഹറൂഫ്, അബ്ദുൽ കരീം, കെ. മണികണ്ഠൻ, ബി. ഷിബു എന്നിവരും സംബന്ധിച്ചു.

സംഭരണ ശേഷി 26.52 മീറ്റർ

പഴശ്ശി പദ്ധതിയിൽ നിന്നുള്ള 3.05 ഹെക്ടർ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ജലസേചന വിഭാഗവും കെ.എസ്.ഇ.ബിയും ധാരാണാമത്രം ഒപ്പുവെച്ചിരുന്നു. പദ്ധതിയുടെ ആകെ സംഭരണ ശേഷിയായ 26.52 മീറ്ററിൽ നിന്നും 24 മീറ്റർവരെ സംഭരണ ശേഷി നിലനിർത്തിയാകും വൈദ്യുതി ഉത്പ്പാദിപ്പിക്കുക. വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടും.

7.5 മെഗാവാട്ട്

പദ്ധതിയിൽ നിന്നും 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പ്പാദിപ്പിക്കുന്നത്. കാലവർഷത്തിൽ പദ്ധതിയിൽ നിന്നും വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന വെള്ളത്തെ പ്രയോജനപ്പെടുത്തിയാണ് വൈദ്യുതോത്പാദനം. പദ്ധതിയിൽ നിന്നും പ്രധാന തുരങ്കം വഴി മൂന്ന് തുരങ്കങ്ങളിലേക്ക് വെള്ളം കടത്തി വിട്ട് 2.5 മെഗാവാട്ടിന്റെ മൂന്ന് ടെർബൈനുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്. പ്രധാന തുരങ്കത്തിന്റെയും ഉപ തുരങ്കങ്ങളുടെയും നിർമ്മാണം പൂർത്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ELECTRICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL