SignIn
Kerala Kaumudi Online
Monday, 12 October 2026 12.53 AM IST

(കഥയും കാഴ്ചയും ) എത്രയും പ്രിയപ്പെട്ടവർക്ക് സ്നേഹപൂർവം

letter

പോസ്റ്റുമാൻ സൈക്കിളിൽ ബെല്ലടിക്കുന്നു.

ഓടിയെത്തി കത്ത് വാങ്ങുന്നു. കത്ത് ഇൻലൻഡിലോ കാർഡിലോ കവറിലോ ആകാം. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആകാം. എല്ലാ കത്തും തുടങ്ങുന്നത് ഇങ്ങനെയാണ് " എത്രയും പ്രിയപ്പെട്ട..... അവിടെ എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു."

ദൂരദേശങ്ങളിൽ നിന്ന് പ്രിയപ്പെട്ടവരെഴുതിയ കത്തിലെ അക്ഷരങ്ങൾക്ക് ജീവനുണ്ടായിരുന്നു. ആ കത്തെഴുതിയത് സ്നേഹത്തിന്റെ മഷികൊണ്ടായിരുന്നു. ഒക്ടോബർ 9 തപാൽ ദിനമായിരുന്നു. കത്തുകളുടെ കാലത്തെക്കുറിച്ച് ഓർത്തുപോയി. ഇന്ന് കത്തെഴുതുന്നവർ കുറഞ്ഞു. കുറഞ്ഞെന്നല്ല ഇല്ലെന്നുതന്നെ പറയാം. ഉള്ളംകൈയിൽ സദാനേരവും തോണ്ടിയിരിക്കുന്ന മൊബൈൽ ഫോണിൽ കൈമാറാവുന്നതേയുള്ളു എത് സന്ദേശവും. കല്യാണം വിളിക്കാനും കുശുമ്പും കുന്നായ്മയും പറയാനും വാട്സ് ആപ്പുണ്ട്. ഇ മെയിലുണ്ട്. ഈരേഴ് പതിനാറ് ലോകങ്ങളെയും അതിൽ കാണാം. കേൾക്കാം.

പക്ഷേ ആ സന്ദേശങ്ങൾ എത്രയും പ്രിയപ്പെട്ട എന്ന് ആരും തുടങ്ങാറില്ല. നിനക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു എന്ന് പറയാറില്ല. ജീവിതം മൊബൈൽ ഫോണിലേക്ക് ചുരുങ്ങിയ കാലത്ത് മറ്റുള്ളവർ സുഖമായിരുന്നിട്ട് നമുക്കെന്ത് ചേതം.

പണ്ട് കത്തുമായി പോസ്റ്റുമാൻ വീട്ടിലെത്തും വരെ കാത്തിരിക്കാൻ ക്ഷമയില്ലാതെ പോസ്റ്റോഫീസിലെത്തി അന്വേഷിക്കുന്നവരുണ്ടായിരുന്നു.

പുറംനാടുകളിലുള്ള ഭർത്താവിന്റെ കത്ത് കാത്ത് ഭാര്യ. മക്കളുടെ മണിയോർഡർ കാത്ത് മാതാപിതാക്കൾ. കാമുകന്റെ കത്ത് കാത്ത് കാമുകി, കാമുകിയുടെ കത്ത് കാത്ത് കാമുകൻ. എത്ര എഴുതിയാലും തികയാതെ ഇൻലൻഡിന്റെ വശങ്ങളിൽ പോലും കുത്തിക്കുറിച്ചിരുന്ന കാലം. പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ. ഇത്രയും പറഞ്ഞുകൊണ്ട് കത്തുചുരുക്കുന്നു എന്ന് വായിച്ചുതീരുമ്പോൾ സങ്കടപ്പെട്ടിരുന്നവർ. പോസ്റ്റുമാൻ നാട്ടിലെ താരമായിരുന്നു. പോസ്റ്റുമാനെ കാണാനില്ലെന്ന പേരിൽ സിനിമപോലുമുണ്ടായി.

ഇന്ന് ഇൻലൻഡുകളുടെയും കാർഡുകളുടെയും സ്റ്റാമ്പുകളുടെയും വില്പന കുറഞ്ഞു. ഗൂഗിൾ പേയുടെ കാലത്ത് ആർക്കുവേണം മണിയോർഡർ. കവറിൽ നിന്ന് സ്റ്റാമ്പിളക്കി ബുക്കിൽ ഒട്ടിച്ച് എണ്ണം കൂട്ടിയിരുന്ന കുട്ടികളെ കാണാനേയില്ല. പോസ്റ്റ് ഓഫീസുകൾ പലയിടത്തും നിറുത്തിത്തുടങ്ങി. പോസ്റ്റുമാനെ കാണാനില്ലെന്ന സിനിമാപ്പേര് അറംപറ്റുകയാണോ.

കത്തിന്പകരം ഇന്ന് നമുക്ക് ഓൺലൈനിലൂടെ വർത്തമാനം പറയാം. കാണാം. കേൾക്കാം. ഓൺലൈനിൽ ഓണം ആഘോഷിക്കാൻ പഠിച്ച നമുക്ക് അതൊക്കെ നിസാരമാണ്. യന്ത്രങ്ങളോട് നമ്മൾ സംസാരിക്കുന്നു. യന്ത്രങ്ങൾ നമ്മളോടും സംസാരിക്കുന്നു. പക്ഷേ പ്രിയപ്പെട്ടവരുടെ കൈവിരൽ കൊണ്ടെഴുതിയ "എത്രയും പ്രിയപ്പെട്ട... " എന്ന വാചകം വായിക്കുമ്പോഴുള്ള സുഖം യന്ത്രത്തിന് നൽകാനാവുമോ.

യന്ത്രമായി മാറിക്കൊണ്ടിരിക്കുന്ന നമുക്ക് എന്തിനാണ് പഴയ കാലത്തിന്റെ സ്നേഹ സന്തോഷങ്ങൾ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL