SignIn
Kerala Kaumudi Online
Monday, 12 October 2026 1.32 AM IST

'കാട്ടിലെത്ര മൃഗങ്ങളുണ്ട്'': നേരറിയാൻ വനംവകുപ്പ്

ss
ss

കോഴിക്കോട്: നിറയെ മൃഗങ്ങളുണ്ട് കാട്ടിൽ. പക്ഷേ എണ്ണമറിയില്ല. അത് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്. അടുത്തമാസം വയനാട്ടിലാണ് കണക്കെടുപ്പിന്റെ തുടക്കം. മൃഗങ്ങളുടെ എണ്ണം കാടിന്റെ വിസ്തൃതിക്ക് ആനുപാതികമാണോ എന്നും ശാസ്ത്രീയമായി പഠിക്കും. വന്യജീവി ആക്രമണം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.

ആവാസ വ്യവസ്ഥയുടെ നിലവാരം, ഭക്ഷണ-ജലലഭ്യത, വനവിസ്തൃതി, മനുഷ്യവാസമേഖലകളുമായുള്ള ഇടപെടൽ എന്നിവയും പഠിക്കും. മനുഷ്യ-വന്യജീവി സംഘർഷവും വിലയിരുത്തും. ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പഠനം.

ഏതെങ്കിലും പ്രദേശത്ത് വന്യജീവികൾ കൂടുതലാണെങ്കിൽ മറ്റിടങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കും. 200ലേറെ പഞ്ചായത്തുകളാണ് വന്യമൃഗ ആക്രമണ ഭീതിയിലുള്ളത്. 50ലേറെ പഞ്ചായത്തുകൾ അതിതീവ്ര ആക്രമണമേഖലയിലാണ്. ആന, കടുവ, കാട്ടുപന്നി തുടങ്ങിയവയാണ് പ്രധാന ഭീഷണി. 11,531.908 ചതുരശ്രകിലോമീറ്ററാണ് കേരളത്തിലെ വനവിസ്തൃതി. അതായത് സംസ്ഥാന ഭൂവിസ്തൃതിയുടെ 29.67 ശതമാനവും വനമാണ്.

 കണക്കെടുപ്പിന് ക്യാമറ ട്രാപ്പിംഗ്

മൃഗങ്ങളുടെ സവിശേഷമായ അടയാളങ്ങൾ പകർത്താൻ വനപാതകളിൽ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിക്കും (ക്യാമറ ട്രാപ്പിംഗ്). ആന, മാൻ തുടങ്ങിയ മൃഗങ്ങളുടെ കാഷ്ഠത്തിന്റെ പഴക്കവും അളവും അടിസ്ഥാനമാക്കിയുള്ള സർവേയും നടത്തും. ഒരു സംഘത്തിന് വിട്ടുപോയേക്കാവുന്ന ജീവികളെ കണ്ടെത്താൻ രണ്ട് സ്വതന്ത്ര സംഘങ്ങൾ ഒരേ പാതയിലൂടെ സഞ്ചരിക്കുന്ന ഡബിൾ ഒബ്‌സർവർ രീതിയുമുണ്ടാകും. മൊബൈൽ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ ട്രാക്കിംഗ്, മൃഗങ്ങളുടെ കാൽപ്പാടുകൾ പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് പകർത്തിയെടുത്ത് എണ്ണം കണക്കാക്കുന്ന ഫുട്പ്രിന്റ് സർവേ എന്നിവയും കണക്കെടുപ്പിനായി നടത്തും.

'പ്രാഥമികചർച്ചകൾ പൂർത്തിയായി. അടുത്തമാസം ധാരണപത്രം ഒപ്പിടും"".

- ഡോ. പി. പുകഴേന്തി,

ചീഫ് വൈൽഡ് ലൈഫ് വാർഡൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL