SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

നിതിൻ രാജിന്റെ മരണത്തിന് രണ്ടുമാസം നീതി അകലെ, പ്രതി ഇപ്പോഴും ഒളിവിൽ

nithin
നിതിൻ രാജ്

കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ദന്തൽ കോളേജിൽ ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ കേസിൽ രണ്ടുമാസം പിന്നിടുമ്പോഴും നീതി ലഭ്യമാകാതെ കുടുംബം. നിതിനെ മരണത്തിലേക്കു നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അദ്ധ്യാപകൻ ഡോ. എം.കെ. റാം ഇപ്പോഴും ഒളിവിൽ. തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര സ്വദേശിയായ രാജൻ, ലത ദമ്പതികളുടെ മകനായ നിതിൻ രാജ് ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്.

കോളേജ് അദ്ധ്യാപകനായിരുന്ന ഡോ. എം.കെ റാമിന്റെ ജാതി അധിക്ഷേപമാണ് മരണകാരണമെന്നാണ് നിതിൻ രാജിന്റെ കുടുംബം തുടക്കം മുതലേ ആരോപിക്കുന്നത്. ലോൺ ആപ്പിന്റെ കാര്യം പറഞ്ഞ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് അച്ഛൻ രാജൻ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ച് സംഘം നിതിൻ രാജിന്റെ വീട്ടിലെത്തി മൊഴിയെടുത്തപ്പോഴും ജാതി അധിക്ഷേപം തന്നെയാണ് അച്ഛനും സഹോദരിമാരും ഉന്നയിച്ചത്. സംസ്ഥാന ക്രൈംബ്രാഞ്ച് എസ്.പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ജൂൺ 12 വരെ അറസ്റ്റുചെയ്യരുതെന്ന് ആവശ്യപ്പെട്ടതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. നിതിൻ രാജിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ. എം.കെ റാം, അദ്ധ്യാപിക സംഗീത നമ്പ്യാർ എന്നിവരെ കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിൽ സംഗീത നമ്പ്യാർക്ക് തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.


കേസിൽ രണ്ട് അന്വേഷണം

ക്രൈംബ്രാഞ്ചിലെ രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അസ്വാഭാവിക മരണം ഡിവൈ.എസ്.പി സുധീർ കല്ലനും ലോൺ ആപ്പ് ഇടപാട് ഡിവൈ.എസ്.പി ജീവൻ ജോർജുമാണ് അന്വേഷിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ പി. നിതിൻ രാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഏപ്രിൽ 30നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത് എന്നാണ് അച്ഛൻ രാജൻ ആരോപിക്കുന്നത്. സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസിയെ കേസ് ഏൽപ്പിക്കണമെന്നാണ് രാജന്റെ ആവശ്യം.


നോയിഡയിൽ പരിശോധന

ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഇൻസ്റ്റന്റ് പേ എന്ന ലോൺ ആപ്പ് സ്ഥാപനത്തിൽ സംഘം പരിശോധന നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അന്വേഷണസംഘം നോയിഡയിൽ എത്തിയത്. ലോൺ ആപ്പ് സ്ഥാപനത്തിലെ ടെലി മാർക്കറ്റിംഗ് ജീവനക്കാരനായ യു.പി ഗാസിയാബാദ് സ്വദേശി ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, ഹരിയാന ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തിരുന്നു. മൂന്ന് പേരും ജാമ്യത്തിൽ ഇറങ്ങിയെങ്കിലും ജില്ല വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയിലുണ്ട്. എല്ലാ ആഴ്ചയും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL