
തിരുവനന്തപുരം: മകന്റെ വിയോഗമുണ്ടായി മൂന്നു മാസം കഴിഞ്ഞിട്ടും തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മാതാപിതാക്കൾ. ഒന്നാം പ്രതി കോളേജിലെ അദ്ധ്യാപകൻ ഡോ.റാമിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് പിതാവ് വൈ.രാജനും അമ്മ സി.ആർ ലതയും പരാതിപ്പെട്ടു. ഡോ.റാമിന്റെ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻരാജ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
അന്വേഷണ സംഘത്തിന്റെ അലംഭാവം കാരണമാണ് അറസ്റ്റ് ചെയ്യാനാകാത്തത്. അന്വേഷണ സംഘത്തെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ഡോ.റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിട്ടും അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇരുവരെയും ആശ്വസിപ്പിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായവും ഉറപ്പു നൽകി.
കൊടിക്കുന്നിൽ സുരേഷ് എം.പിക്കും സണ്ണി കപിക്കാടിനുമൊപ്പമാണ് ഇരുവരും മുഖ്യമന്ത്രിയെ കാണാനെത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കാണുമെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആര്യനാട് ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻരാജ് ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്നു വീണ് മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |