കണ്ണൂർ: ചെങ്ങളായി പഞ്ചായത്ത് 19ാം വാർഡ് പടിഞ്ഞാറെമൂലയിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യം. കഴിഞ്ഞദിവസം നാട്ടുകാരനും ടാപ്പിംഗ് തൊഴിലാളിയുമായി ലക്ഷ്മണൻ പുലിയെ നേരിട്ടുകണ്ടതോടെ ഭീതിയോടെയാണ് പ്രദേശവാസികൾ കഴിയുന്നത്.
ചെങ്ങളായി പഞ്ചായത്തിലെ കുളത്തൂരിലും, പടിഞ്ഞാറെ മൂലയിലും ഒരുമാസത്തിനിടെ മൂന്ന് തവണയാണ് പുലിയെ കണ്ടത്. ജൂലായ് 21ന് രാത്രി എം.ടി വിനോദിന്റെ പശുക്കിടാവിനെ പുലി 150 മീറ്ററോളം വലിച്ചുകൊണ്ടുപോയി ആക്രമിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയും നടത്തി. ജൂലായ് 23ന് കുളത്തൂരിൽ അജയൻ എന്ന വ്യക്തി വീണ്ടും പുലിയെ കണ്ടു. ഏറ്റവുമൊടുവിൽ ചുഴലി പടിഞ്ഞാറെ മൂലയിൽ പുലി വീണ്ടുമുള്ളതായി ദൃക്‌സാക്ഷി പറയുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാടുകയറി തിരച്ചിൽ നടത്തുകയും ക്യാമറ സ്ഥാപിക്കുകയും ഡ്രോൺ പരിശോധന നടത്തുകയും ചെയ്‌തെങ്കിലും പുലിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഭയം കൂടാതെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ടാപ്പിംഗ് തൊഴിലാളികൾ ദിവസങ്ങളോളം ടാപ്പിംഗ് നിർത്തിവച്ചിരിക്കുകയാണ്. നാട്ടുകാരും പഞ്ചായത്തും വനംവകുപ്പിനോട് കൂട് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. സാങ്കേതിക കാരണങ്ങളുടെ പേരിൽ വനംവകുപ്പ് കൂട് സ്ഥാപിക്കാതെ ഒഴിയുകയാണെന്നാണ് പഞ്ചായത്ത് ആരോപിക്കുന്നത്.
പുലി ഇറങ്ങുന്നത് കാട്ടുപന്നികളെ തേടി
പുലി വീണ്ടും ചുഴലി പടിഞ്ഞാറെ മൂലയിലുള്ള പ്രദേശങ്ങളിൽ ഇറങ്ങാനുള്ള സാദ്ധ്യതയുള്ളതിനാൽ വനംവകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാത്രി കാലങ്ങളിലുള്ള ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കാനും പുറത്തിറങ്ങുന്നവർ വെളിച്ചം കരുതാനും നിർദ്ദേശമുണ്ട്. കുളത്തൂരിൽ പന്നി ശല്യം രൂക്ഷമായതിനാൽ കാട്ടുപന്നികളെ വേട്ടയാടാൻ പുലി വീണ്ടും ഇറങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രദേശത്ത് നിന്ന് മൃഗങ്ങളുടെ എല്ലിൻ കഷണങ്ങൾ ലഭിച്ചിട്ടുണ്ട്.
ജീവനക്കാർ നാമമാത്രം
വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുതൽ റാപ്പിഡ് റെസ്പോൺസ് ടീമിനെ (ആർ.ആർ.ടി) വിന്യസിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ പല സ്ഥലങ്ങളിലും നാമമാത്രമായ ജീവനക്കാർ മാത്രമായതിനാൽ അടിയന്തര ഘട്ടങ്ങളിൽ പോലും വിളിച്ചാൽ ഉദ്യോഗസ്ഥരെത്താത്ത സാഹചര്യമുണ്ട്. ഒരു ഫോറസ്റ്റ് റെയ്ഞ്ചിൽ രണ്ടിടത്ത് വന്യമൃഗം ഇറങ്ങിയാൽ വലിയ പ്രതിസന്ധിയിലാകും. പട്രോളിംഗ് നടത്താത്തതിനാൽ എവിടെയാണ് വന്യമൃഗങ്ങൾ ഇറങ്ങുന്നതെന്ന് അറിയാനോ മുന്നറിയിപ്പ് നൽകാനോ സാധിക്കാറില്ല.
പുലിയെ കൂടുവെച്ച് പിടികൂടാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം. ഇതിന് പഞ്ചായത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകും.
ബി.പി. വിപിന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |