കണ്ണൂർ: പരിശീലനം പൂർത്തിയാക്കിയ 305 പേർ നാളെ കേരള പൊലീസ് സേനയുടെ ഭാഗമാകും. കെ.എ.പി നാലാം ബറ്റാലിയനിലെ 166 ഉം എം.എസ്.പി. മലപ്പുറത്തെ 139 പേരും അടങ്ങുന്ന 305 ട്രെയിനിംഗ് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ രാവിലെ എട്ടിന് മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ ആസ്ഥാനത്ത് നടക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.
കണ്ണൂർ-കാസർകോട് ജില്ലകളിലെ ജനപ്രതിനിധികൾക്കു പുറമേ കേരള സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായ, ബറ്റാലിയൻ ഡി.ഐ.ജി. ജെ. ഹിമേന്ദ്രനാഥ് തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിക്കും.
സേനയിലേക്ക് പുതുതായി കടന്നുവരുന്ന 305 പേരിൽ 31 പേർ ബിരുദാനന്തര ബിരുദയോഗ്യതയുള്ളവരും 12 പേർ എൻജിനീയറിംഗ് ബിരുദധാരികളും 195 പേർ ബിരുദധാരികളും 18 പേർ ഡിപ്ലോമ യോഗ്യതയുള്ളവരുമാണ്.
ഒൻപത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടന, ഭാരതീയ ന്യായ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ സുരക്ഷാ സംഹിത തുടങ്ങിയ ഇൻഡോർ വിഷയങ്ങളിലും സ്വിമ്മിംഗ്, ഡ്രൈവിംഗ്, കമാൻഡോ കോഴ്‌സ്, ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗ്, റേഞ്ച് ഫയറിംഗ്, ആൻഡി സബോട്ടേജ് ട്രെയിനിംഗ് ആൻഡ് സൈബർ ഫോറൻസിക് മുതലായ സ്‌പെഷ്യൽ കോഴ്‌സുകളിലും പ്രാവീണ്യം നേടിയാണ് സേനയിലേക്കെത്തുന്നത്. പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളിൽ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവർക്ക് പുരസ്‌കാരവും സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |