ഇരിട്ടി: ആറളത്ത് ആനമതിൽ നിർമ്മാണത്തിന്റെ ഭാഗമായി അഞ്ഞൂറ് മീറ്റർ ഭാഗത്ത് സ്ഥാപിക്കുന്ന റെയിൽ ഫെൻസിംഗിന്റെ നിലവിലെ രൂപകൽപന ഒഴിവാക്കി വയനാട്ടിൽ പരീക്ഷിച്ച മാതൃക ഉപയോഗിക്കണമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആറളം വന്യജീവി സങ്കേതം വളയഞ്ചാൽ ഡോർമെട്രി ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബറോടെ ആനമതിലിന്റെയും വേലിയുടെയും പണി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. ജൂണിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി. ആറളത്തെ വന്യജീവി മനുഷ്യ സംഘർഷം ഒഴിവാക്കുന്നതിന് വിവിധ വകുപ്പുകൾ തയ്യറാക്കിയ പദ്ധതികൾ യോഗം ചർച്ച ചെയ്തു.
ആറളത്തെ ആൾത്താമസമുള്ള 1300 വീടുകളിൽ ഡിസംബർ 31 നുള്ളിൽ കുടിവെള്ള വിതരണം പൂർത്തിയാകുമെന്ന് ജലവിഭവ വകുപ്പ് പ്രതിനിധി യോഗത്തെ അറിയിച്ചു. ഇതിനായി 4.8 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ആറളം പുനരധിവാസ മേഖലയാകെ 140 കിലോമീറ്ററിനുള്ളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ 5 കോടി രൂപ ആവശ്യമുണ്ടെന്നും നിലവിൽ 30 വിളക്കുകൾ കത്തുന്നുണ്ടെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു. ഇക്കാര്യത്തിൽ വകുപ്പുതല ഏകോപനം ആവശ്യമുണ്ടെന്നും അതിനായി അടുത്ത മാസമാദ്യം തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ച് ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.
പട്ടികജാതി പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി, വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സബ് കലക്ടർ രവി മീണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി സരള, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |