
കണ്ണൂർ: രണ്ട് വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ജില്ലയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരക്കില്ലെങ്കിലും വിശാല ജില്ലാകമ്മിറ്റി ചേരുന്നതിന് മുമ്പെ സി.പി.എമ്മിന് ആത്മവിശ്വാസം നൽകുന്നതായി.നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പൻ തോൽവിയ്ക്ക് തൊട്ടുപിന്നാലെ യു.ഡി.എഫിൽ നിന്ന് പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് തിരിച്ചുപിടിച്ചതിലൂടെ അണികളെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കും. ഒക്ടോബർ 18, 19 തീയതികളിലാണ് കണ്ണൂരിൽ വിശാല ജില്ലാകമ്മിറ്റി ചേരുന്നത്.
മട്ടന്നൂരിലെ ഉരുവച്ചാലിൽ 269ൽ നിന്ന് ഭൂരിപക്ഷം 276 ആയതിനപ്പുറം മറ്റ് പ്രത്യേകതയില്ല.എന്നാൽ കഴിഞ്ഞ തവണ 13 വോട്ടിന് യു.ഡി.എഫ് ജയിച്ച ബാവോട് ഈസ്റ്റ് വാർഡ് ഇത്തവണ 65 വോട്ടോടെ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിലാണ് ഈ വാർഡ്. ഇരു വാർഡുകളിലും പോളിംഗ് 83 ശതമാനത്തിന് മുകളിലായിരുന്നു. അതായത് ഇടത് കേഡർ സംവിധാനം വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിൽ ഇപ്പോഴും കരുത്തുറ്റതാണെന്ന സൂചനയാണ് ഫലം നൽകുന്നത്.
വിശാല ജില്ലാകമ്മിറ്റിയ്ക്ക് ചർച്ച ചെയ്യാനുണ്ട്
എന്നാൽ ഈ ആഘോഷത്തിനിടയിൽ മേയിലെ നിയമസഭാ ഫലത്തിന്റെ കണക്ക് മറക്കാനാകില്ല. ജില്ലയിൽ ആറ് സീറ്റുമായി എൽ.ഡി.എഫ് സാങ്കേതികമായി മുന്നിലെത്തിയെങ്കിലും പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങൾ യു.ഡി.എഫ് നേടിയിരുന്നു. എട്ട് സീറ്റെങ്കിലും പ്രതീക്ഷിച്ചിരുന്നിടത്താണ് യു.ഡി.എഫിന് 1.78 ലക്ഷം വോട്ടാണ് വർദ്ധിച്ചത്. ഈ ചോർച്ചയുടെ കാരണം വിശാല ജില്ലാ കമ്മറ്റി ചർച്ച ചെയ്യും. നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാൻ എന്ത് തിരുത്തലുകൾ വരുത്തുമെന്നതാണ് നേതൃത്വത്തിന് മുന്നിലുള്ളത്.
വാദം തള്ളി യു.ഡി.എഫ്
വാർഡുകളിലെ ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ സ്വാധീനവും പ്രാദേശിക സംഘടനാ ശേഷിയുമാണ് നിർണായകമാകാറുള്ളത്. അതിനാൽ ഭരണവിരുദ്ധ വികാരമെന്ന നിലയിൽ മാത്രം ഫലത്തെ വായിക്കുന്നത് അതിശയോക്തിയാണെന്നാണ് യു.ഡി.എഫിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |