SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

ഐവറി കോസ്‌റ്റ് പൗരൻ അറസ്റ്റിൽ : ചന്തേര എം.ഡി.എം.എ കേസ് രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലേക്ക്  

prathi

ഉറവിടം കണ്ടെത്താൻ കഴിഞ്ഞുവെന്ന് ജില്ലാ പൊലിസ് മേധാവി

ചന്തേര( കാസർകോട്): പിലിക്കോട് കാലിക്കടവിൽ 139.29 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിന്റെ അന്വേഷണത്തിൽ ഐവറി കോസ്റ്റ് പൗരനായ ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്റ്റൻ (35) അറസ്റ്റിലായി. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി ഉത്തർപ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഈയാളെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരങ്ങളും വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ വിവരങ്ങളും ബാങ്ക് ഇടപാടുകളും പരിശോധിച്ചാണ് ഇയാളിലേക്ക് എത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പി.നിധിൻ രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട ഘാന സ്വദേശിയായ വിക്ടർ ഡിസാബയുമായി ജാമ്യത്തിലിറങ്ങിയ ശേഷവും ഈയാൾ ബന്ധം തുടരുകയായിരുന്നു. വിക്ടർ ഡിസാബയാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി സാമുവൽ ഓസ്റ്റനെ ബന്ധപ്പെട്ടതെന്നും അന്വേഷണ സംഘം കണ്ടെത്തി.
പെരുമ്പാവൂർ അറക്കപ്പടി സ്വദേശിയായ സൈനുൽ ആബിദീൻ, കാസർകോട് പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബിർ, ഘാന സ്വദേശി വിക്ടർ ഡിസാബ എന്നിവർ വിവിധ കേസുകളിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പരിചയപ്പെട്ടത്. സൈനുൽ ആബിദീൻ മൂന്ന് വഞ്ചനാകേസുകളിൽ ഉൾപ്പെട്ടയാളാണ്. മുഹമ്മദ് സാബിർ തിരുനെല്ലി പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും വിക്ടർ ഡിസാബ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും ഉൾപ്പെട്ടയാളാണെന്നും എസ് പി പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷവും മൂവരും വാട്സ്ആപ്പ് വഴി ബന്ധം തുടർന്ന് മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഇറങ്ങിയെന്നാണ് പൊലീസ് പറയുന്നത്
.
നോയിഡയിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന്
കൊല്ലം കൊട്ടിയം ട്രാൻസിറ്റ് ഹോമിൽ കഴിയുന്നതിനിടെ വിക്ടർ ഡിസാബ വിവിധ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിച്ച് സൈനുൽ ആബിദീനുമായി നിരന്തരം ബന്ധപ്പെട്ട് മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. തനിക്ക് നേരിട്ട് മയക്കുമരുന്ന് ലഭ്യമല്ലാതായതോടെ വിക്ടർ നോയിഡയിലുള്ള തന്റെ സുഹൃത്തായ ജീൻ പിയർ സെറി എന്ന സാമുവൽ ഓസ്റ്റനെ ബന്ധപ്പെട്ടു. തുടർന്ന് ഇയാൾ വഴിയാണ് മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചത്. പണം കൈമാറാൻ ബാങ്ക് അക്കൗണ്ടും സാമുവൽ ഓസ്റ്റൻ വിക്ടർ ഡിസാബയ്ക്ക് നൽകിയെന്ന് പൊലീസ് പറയുന്നു. ഈ വിവരങ്ങൾ പിന്നീട് സൈനുൽ ആബിദീനും മുഹമ്മദ് സാബിറിനും കൈമാറി. പണം കൈമാറിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയ മിസോറം സ്വദേശിയുടെ പേരിലുള്ള എസ്‌.ബി.ഐ അക്കൗണ്ടിലേക്ക് സൈനുൽ ആബിദീൻ ഭാര്യയുടെ അക്കൗണ്ടിൽനിന്ന് തുക എത്തിയിരുന്നു.ഈ തുക നോയിഡയിലെ വിവിധ എ.ടി.എമ്മുകളിൽനിന്ന് സാമുവൽ ഓസ്റ്റന്റെ നിർദേശപ്രകാരം പിൻവലിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിലൂടെയാണ് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്ന ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CRIME STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL