
കണ്ണൂർ: ലഹരി കടത്തിയ കേസിൽപ്പെട്ട് സൗദിയിൽ വധശിക്ഷക്ക് വിധേയനായ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ (41) കുടുംബം പ്രതികരണവുമായി രംഗത്ത്. മകൻ തെറ്റ് ചെയ്യില്ലെന്നും സുഹൃത്തിനെ വിശ്വസിച്ചാണ് വാഹനമോടിച്ച് സൗദിയിലേക്ക് പോയതെന്നും മാതാവ് ഷാഹിദ പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ല, ദയാഹർജിയുമായി ഇന്ത്യൻ അംബാസഡറെ സമീപിച്ചെങ്കിലും വധശിക്ഷ തടയാൻ സാധിച്ചില്ലെന്നും ഷാഹിദ പറയുന്നു.
അബൂട്ടി യാത്ര ചെയ്ത വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചത് സുഹൃത്താണെന്നാണ് കുടുംബത്തിന്റെ ആരോപണം. 2023 ഡിസംബറിലാണ് അബൂട്ടി ഒമാനിൽ നിന്നും സൗദിയിലേക്ക് ഓടിച്ചുപോയ ജി.എം.സി വാനിൽ നിന്ന് 43 കിലോഗ്രാം ലഹരി വസ്തുക്കൾ സൗദി പൊലീസ് പിടികൂടിയത്. ദമാമിലെ ജയിലിൽ വധശിക്ഷ നടപ്പിലാക്കിയ കാര്യം കഴിഞ്ഞ ഞായറാഴ്ച സൗദി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയായിരുന്നു.
അബൂട്ടി പിടിക്കപ്പെട്ട ശേഷം സുഹൃത്ത് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് കുടുംബം ആരോപിച്ചു. ഇവരുടെ വലയിൽ കുടുങ്ങി വേറെ ചിലരും ജയിലിലായിട്ടുണ്ടെന്നും ഇവർ പറയുന്നു. ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനം സ്വാധീനം ഉപയോഗിച്ചാണ് അബൂട്ടിയുടെ പേരിലേക്ക് മാറ്റിയത്. വാഹനം സൗദി അറേബ്യയിൽ എത്തിക്കാൻ മസ്‌കറ്റിലുണ്ടായിരുന്ന സുഹൃത്ത് നിർദ്ദേശിക്കുകയായിരുന്നു. ഈ വാഹനത്തിന്റെ രണ്ട് ഇന്ധന ടാങ്കുകളിലൊന്നിൽ മയക്കുമരുന്ന് ഒളിപ്പിച്ചു. ഇന്ധന ടാങ്കിന് ചോർച്ചയുണ്ടെന്നും അതിൽ എണ്ണ അടിക്കരുതെന്നും സുഹൃത്ത് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അബൂട്ടി വാഹനം വിശദമായി പരിശോധിച്ചില്ലെന്നും അതിനാലാണ് ചതിയിൽപ്പെട്ടതെന്നുമാണ് അറിയുന്നത്. മാതാവും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് അബൂട്ടിയുടെ കുടുംബം.
സുഹൃത്തിനെ അന്വേഷിച്ച് സോഷ്യൽ മീഡിയ
ഇതിനിടെ അബൂട്ടിയെ ചതിച്ചുവെന്ന് കുടുംബം ആരോപിക്കുന്ന സുഹൃത്തിനെ അന്വേഷിക്കുകയാണ് സോഷ്യൽമീഡിയ. പേരും വിലാസവും വെളിപ്പെടുത്തണമെന്നാണ് ആവശ്യം. ലഹരി കടത്തിൽ പൊലിഞ്ഞത് നിരപരാധിയുടെ ജീവനാണെങ്കിൽ യഥാർത്ഥ പ്രതിയെ ശിക്ഷിക്കണമെന്ന ആവശ്യവും സമൂഹമാദ്ധ്യമങ്ങൾ വഴി ചിലർ പങ്കുവെക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |