SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.01 PM IST

അഴീക്കോട്ടെ തോൽവിയ്ക്ക് ഇടപെടലെന്ന് ലീഗ് കമ്മിഷൻ: ഭാരവാഹികളുടെ കസേര തെറിക്കും

leage

കണ്ണൂർ: അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പരാജയപ്പെട്ടതിന് പിന്നിൽ ബോധപൂർവമായ ഇടപെടലുകളുണ്ടായെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് മാഹിൻ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ എന്നിവരടങ്ങിയ കമ്മിഷനെയാണ് സംസ്ഥാന കമ്മിറ്റി അഴീക്കോട്ടെ തോൽവി പഠിക്കാൻ ചുമതലപ്പെടുത്തിയിരുന്നത്.
ചേലേരി ഉൾപ്പെടെ 20 ഭാരവാഹികളിൽ നിന്ന് കമ്മീഷൻ പ്രാഥമിക മൊഴിയെടുത്തു. സ്ഥാനാർത്ഥിയെ ചിലർ ചതിച്ചെന്ന മൊഴി തെളിവ് സഹിതം കമ്മീഷന് മുന്നിലെത്തിയതായാണ് വിവരം. ചില പഞ്ചായത്ത് ഭാരവാഹികളടക്കം ബോധപൂർവം വീഴ്ച വരുത്തിയെന്നും സൂചനയുണ്ട്. തുടർപരിശോധനകൾക്ക് ശേഷം അന്തിമ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും.
കെ.എം.ഷാജിയിൽ നിന്ന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനാണ് ജില്ലാ പ്രസിഡന്റിനെ തന്നെ ലീഗ് സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത്. അവസാന നിമിഷം വരെ യു.ഡി.എഫിന് അനുകൂലമായ അടിയൊഴുക്ക് മണ്ഡലത്തിലുണ്ടായിരുന്നു. വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും ചേലേരി മുന്നിലെത്തുകയും വിജയപ്രതീക്ഷ നിലനിർത്തുകയും ചെയ്തു. എന്നാൽ അവസാന ലാപ്പിൽ വോട്ടുകൾ ചോർന്നതോടെ സിറ്റിംഗ് എം.എൽ.എ കെ.വി സുമേഷിനോട് പരാജയപ്പെടുകയായിരുന്നു. യു.ഡി.എഫ് പാളയത്തിൽ നിന്നുതന്നെയാണ് ചേലേരിക്ക് പാര വന്നതെന്ന് അന്നേ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു.
ഇത് തിരിച്ചറിഞ്ഞ് ലീഗ് ജില്ലാ നേതൃത്വം നേരത്തേ അഡ്വ.എസ്. മമ്മു, ടി.എൻ.എ ബാദർ, ഫാറൂഖ് വട്ടപ്പൊയിൽ എന്നിവരടങ്ങിയ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഈ സമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ലീഗ് പരാജയപ്പെട്ട കൂത്തുപറമ്പ് മണ്ഡലത്തിലെ അന്വേഷണ കമ്മീഷൻ ആഴ്ചകൾക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അഴീക്കോട് റിപ്പോർട്ട് പുറത്തുവന്നാൽ ചില പ്രധാന ഭാരവാഹികളുടെ കസേര തെറിക്കുമെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL