ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഭീഷണിയായിരുന്ന മോഴയാനയെ വിജയകരമായി പിടികൂടിയെങ്കിലും ഓപ്പറേഷൻ മഖ്‌നയ്ക്കിടെ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച. കുങ്കിയാനകളെ കയറ്റി സഞ്ചരിച്ച ലോറി വൈദ്യുതി ലൈനിൽ തട്ടിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ഭാഗ്യംകൊണ്ടാണ് കുങ്കിയാനയും ലോറിയിലുണ്ടായിരുന്ന ജീവനക്കാരും വൈദ്യുതാഘാതമേൽക്കാതെ രക്ഷപ്പെട്ടത്.
മയക്കുവെടിയേറ്റ ആനയെ താങ്ങിനിർത്താനും വാഹനത്തിൽ കയറ്റാനും സഹായിക്കുന്നതിനായി കുങ്കിയാനകളായ വിക്രമിനെയും ഉണ്ണികൃഷ്ണനെയും വ്യാഴാഴ്ച രാവിലെ തന്നെ വളയംചാലിൽ വാഹനത്തിൽ കയറ്റി നിർത്തിയിരുന്നു. മോഴയാനയ്ക്ക് മയക്കുവെടിയേറ്റതിനെ തുടർന്ന് ആറളം ഫാം പതിമൂന്നാം ബ്ലോക്ക് ലക്ഷ്യമാക്കി കുങ്കിയാനകളുമായി വാഹനങ്ങൾ പുറപ്പെട്ടു.
ഒമ്പതാം ബ്ലോക്ക് പൂക്കുണ്ടിൽ എത്തിയപ്പോഴാണ് വാഹനം വൈദ്യുതി ലൈനിൽ തട്ടിയത്. മുന്നിൽ സഞ്ചരിച്ചിരുന്ന വിക്രമിനെ കയറ്റിയ ലോറി വൈദ്യുതി ലൈനിൽ തട്ടി കുടുങ്ങി. വൈദ്യുതി ലൈനിലെ ഒരു കമ്പി ആനയുടെ സുരക്ഷയ്ക്കായി ഒരുക്കിയ കൂടിന്റെ മരത്തിൽ കുടുങ്ങുകയായിരുന്നു. വൈദ്യുതി ലൈനുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെ തീപ്പൊരിയുമുണ്ടായി. ഉടൻ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിൽ കുടുങ്ങിയ വൈദ്യുതി കമ്പി നീക്കം ചെയ്ത ശേഷമാണ് യാത്ര പുനരാരംഭിച്ചത്. തൊട്ടുപിന്നാലെ ഉണ്ണികൃഷ്ണനെ കയറ്റിയ ലോറിയും ഇതേ പാതയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു.
കുങ്കിയാനകളുമായി ലോറികൾ ദൗത്യസ്ഥലത്തേക്ക് എത്തുന്നതിനിടെ യാത്രാപാതയിലെ വൈദ്യുതി ബന്ധം നേരത്തെ വിച്ഛേദിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. തുടർന്ന്, മോഴയാനയെ പിടികൂടി മുത്തങ്ങയിലേക്ക് കൊണ്ടുപോകുന്നതുവരെ ആറളം പുനരധിവാസ മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ചാണ് തുടർ നടപടികൾ സ്വീകരിച്ചത്.
കണ്ണൂർ മഖ്ന മുത്തങ്ങയിലെ ആനക്കൊട്ടിലിൽ
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കണ്ണൂർ മഖ്നയെ മുത്തങ്ങയിലെത്തിച്ചത്. മുത്തങ്ങയിൽ പ്രത്യേകം തയ്യാറാക്കിയ ആനക്കൊട്ടിലിലാണ് കണ്ണൂർ മഖ്നയെ താമസിപ്പിക്കുന്നത്. ആനയുടെ മുൻഭാഗത്തെ ഒരു കാലിനും തുമ്പി ക്കൈയിലും മുറിവിന്റെ പാടുകളുണ്ട്. ഇതിന് ആവശ്യമായ ചികിത്സ നൽകും. ആനയുടെ ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം ട്രാക്ക് ചെയ്യുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ച് വിസ്തൃതമായ വനമേഖലയിൽ തുറന്നു വിടാനാണ് നിലവിലെ പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |