SignIn
Kerala Kaumudi Online
Friday, 23 October 2026 10.06 AM IST

നിരത്തുകളിലെ അപകടങ്ങൾ കുറയ്ക്കാൻ കോ പൈലറ്റ് എ വൺ ഫീച്ചർ കാമറ

ph-1
കോ പൈലറ്റ് എ വൺ ഫീച്ചർ കാമറ

കണ്ണൂർ: നിരത്തുകളിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് ബസുകളിൽ കോ പൈലറ്റ് എ വൺ ഫീച്ചർ കാമറ സജ്ജീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവർ കാമറയുടെ കൂടെയാണ് ഇത്തരം എ.ഐ കാമറകൾ ഘടിപ്പിക്കുക.

ഇതിന്റെ സഹായത്തോടെ ഡ്രൈവിംഗിനിടെയുള്ള ഉറക്കം, മൊബൈൽ ഉപയോഗം, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവ യഥാസമയം കണ്ടെത്തി അലർട്ട് ചെയ്യുന്നതിലൂടെ അപകടം ഒഴിവാക്കുന്നതിന് സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളുണ്ടായാൽ കൺട്രോൾ റൂമിൽ തത്സമയം വിവരം ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയർ ആണ് കാമറിയിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.

റോഡിന്റെ സ്ഥിതി മുമ്പത്തേക്കാൾ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിൽ കൂടുതൽ അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തൽ. അതേസമയം അപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും അപകടങ്ങളുടെയും പരുക്കേറ്റ് കിടപ്പിലാവുന്നവരുടെയും എണ്ണം കൂടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണത്തിലെ വർദ്ധന അപകടം കൂടാൻ കാരണമാണെങ്കിലും ഗുരുതരമായി പരുക്കേൽക്കുന്നവരുടെ എണ്ണം കൂടാൻ പ്രധാനകാരണം അമിത വേഗമാണെന്ന് അധികൃതർ പറഞ്ഞു.

ആധുനിക ചികിത്സാ സൗകര്യങ്ങളാൽ പരുക്കേൽക്കുന്നവർക്ക് ജീവൻ തിരിച്ചുകിട്ടുന്നുണ്ടെങ്കിലും ദീർഘകാലം കിടപ്പിലാവുന്നവരുടെ എണ്ണം പെരുകുന്നത് കുടുംബങ്ങളിലും സമൂഹത്തിലും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.

1.3 കോടി വാഹനങ്ങൾ

കേരളത്തിൽ വർഷം തോറും വാഹന വളർച്ച നിരക്ക് 12 ശതമാനമാണ്. ഏഴ് വർഷം കൂടുമ്പോൾ വണ്ടികളുടെ എണ്ണം ഇരട്ടിയാകും. നിലവിൽ 1.3 കോടി വാഹനങ്ങൾ കേരളത്തിലെ റോഡിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന സാന്ദ്രതയും കേരളത്തിലാണ്.

31,531 റോഡപകടങ്ങൾ
കഴിഞ്ഞ ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ 31,531 റോഡപകടങ്ങളാണുണ്ടായത്. ഇതിൽ 36,000ത്തിലധികം ആളുകൾക്ക് പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തു.

2025ൽ 56,922 പേരാണ് അപകടങ്ങളെത്തുടർന്ന് പരുക്കേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്. 2024ൽ ഇത് 54,796 ആയിരുന്നു.

2024ൽ 48,834 അപകടങ്ങളിലായി 3880 പേർ മരിച്ചു. 2025 ൽ 49,801 അപകടങ്ങളുണ്ടായെങ്കിലും മരണം 3733 ആയി കുറയ്ക്കാൻ കഴിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL