SignIn
Kerala Kaumudi Online
Wednesday, 07 October 2026 8.11 PM IST

വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി, നിറവും രൂപവും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താം

READ ENGLISH VERSION
mvd-

തിരുവനന്തപുരം : വാഹനങ്ങളിൽ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നിബന്ധനകളോടെ അനുമതി നൽകി. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് മാറ്റങ്ങൾ വരുത്താനാണ് അനുമതി നൽകിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.

1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് വാഹനങ്ങളിൽ മാറ്റം വരുത്താൻ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ആർ.സിയിൽ രേഖപ്പെടുത്തുകയും ചെയ്യണം. അതേസമയം നിറം മാറ്റുന്നത് രജിസ്റ്ററിംഗ് അതോറിട്ടിയുടെ അനുമതിയോടെ ആർ.സിയിൽ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ പാടുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കേന്ദ്ര മോട്ടോർ വാഹനചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടിയുടെ തീരുമാനങ്ങൾ പ്രകാരമോ നിരോധിക്കപ്പെട്ട നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല.

എൻജിൻ മാറ്റുമ്പോൾ ,​ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന അതേ സ്പെസിഫിക്കേഷനിലുള്ള ( ഒരേ മോഡൽ,​ കപ്പാസിറ്റി,​ പവർ മുതലായവ)​ എൻജിൻ ആർ.സിയിൽ രേഖപ്പെടുത്തി മാത്രമേ മാറ്റിവയ്ക്കാനാവൂ. ഒരേ നിർമ്മാതാവിനറെ എൻജിനായിരിക്കണം. മറ്റേതെങ്കിലും വാഹനത്തിന്റെ എൻജിൻ മാറ്റിവയ്ക്കാൻ അനുമതിയില്ല.

ഷാസി ഫ്രെയിം മാറ്റവും ബോഡിഘടനയിലെ മാറ്റവും മുൻകൂർ അനുമതിയോടെ ആർ.സിയിൽ രേഖപ്പെടുത്തി അനുവദിക്കും. എന്നാൽ ഒരുതരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാൻ അനുമതിയുണ്ടാകില്ല. ഇന്ധന ടൈപ്പ് മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ഗതാഗത കമ്മിഷണർ ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്കും സബ് റീ‌ജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാർക്കും അയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE MODIFICATION, MVD, VEHICLE MODIFICATION RULES, CAR COLOUR CHANGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA