SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

ഇരട്ട കൊലക്കേസ്: നേതാക്കൾ ഇന്ന് പുറത്തിറങ്ങും സി.പി.എമ്മിന് ആശ്വാസം 

cpm

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തത് സി.പി.എം നേതൃത്വത്തിന് വലിയ ആശ്വാസമാകുന്നു. കാസർകോട് ജില്ലയിലെ പാർട്ടി ഒന്നാകെ അടുത്ത മാസം ആദ്യം നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മദ്ധ്യത്തിൽ നിൽക്കുമ്പോൾ ഉണ്ടായ സി.ബി.ഐ കോടതി വിധി നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു.

പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും നേതാക്കളടക്കമുള്ള നാല് പ്രതികൾക്ക് അഞ്ചു വർഷം തടവും ശിക്ഷ വിധിച്ചത് ജില്ലാ, സംസ്ഥാന നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയ ഘട്ടത്തിലാണ് അധികം വൈകാതെ തന്നെ ഹൈക്കോടതിയുടെ ആശ്വാസ ഉത്തരവ്.

നേതാക്കളെ ശിക്ഷിച്ചഘട്ടത്തിൽ തന്നെ അണികളെ പിടിച്ചുനിർത്താൻ നാലു പേരുടെയും ഫോട്ടോ പതിച്ചു കൊണ്ട് സോഷ്യൽ മീഡിയകളിൽ സൈബർ കൂട്ടായ്മ വലിയ പ്രചാരണം നടത്തിയിരുന്നു. ജാമ്യം ലഭിച്ച നേതാക്കൾ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് പാർട്ടി പ്രവർത്തകർ ആഘോഷമാക്കും.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുൻ ഉദുമ എം.എൽ.എയുമായ കെ.വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, മുൻ ലോക്കൽ സെക്രട്ടറി വെളുത്തോളി രാഘവൻ, കെ.വി ഭാസ്‌കരൻ എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴ അടയ്ക്കാനുമാണ് കഴിഞ്ഞ ദിവസം സി.ബി.ഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

തുണയായത് വിധിയിലെ പൊരുത്തക്കേട്

വിധി വന്ന് അഞ്ചാം ദിവസം തന്നെ ഹൈക്കോടതിയുടെ മരവിപ്പിക്കൽ ഉത്തരവ് ഉണ്ടായത് കല്ല്യോട്ടെ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തിനും കോൺഗ്രസ് നേതൃത്വത്തിനും വലിയ തിരിച്ചടിയായിരിക്കുകയാണ്. ആറു മാസം മുതൽ രണ്ടു വർഷം വരെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റം ചെയ്തവർക്ക് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചതിലെ പൊരുത്തക്കേടാണ് ഹൈക്കോടതി ആദ്യം പരിശോധിച്ചത്.


കാഞ്ഞങ്ങാട്ട് ഇന്ന് ഗംഭീര സ്വീകരണം

ഇന്നു രാവിലെ എട്ടിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇറങ്ങുന്ന നേതാക്കളെ ജയിലിനു പുറത്ത് സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ സി.പി.എം കാസർകോട്, കണ്ണൂർ ജില്ലാ നേതൃത്വങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ കണ്ണൂരിൽ നിന്ന് എത്തിച്ചേരുന്ന നേതാക്കൾക്ക് കാഞ്ഞങ്ങാട് നഗരത്തിൽ പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കുക. കാഞ്ഞങ്ങാട്ടെ സ്വീകരണത്തിനു ശേഷമായിരിക്കും നേതാക്കൾ നാട്ടിലേക്ക് തിരിക്കുക. ഉദുമയിലെ പാർട്ടി പ്രവർത്തകരും ഇവരെ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PERIYA STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL