കാസർകോട്: പെട്രോൾ പമ്പുകളിൽ നിന്നും പെട്രോളും ഡീസലും പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളിൽ നൽകരുതെന്ന് എക്സ്‌പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ നൽകിയ നിർദ്ദേശം കാർഷിക, തൊഴിൽ മേഖലകളിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നു. ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, റിലയൻസ് എന്നീ കമ്പനികൾക്കാണ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുള്ളത്. പെട്രോളിയം ഉത്പന്നങ്ങൾ കുപ്പികളിൽ വാങ്ങി പൊതു യാത്രാ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പ്രവണത സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
ഇപ്പോൾ യുദ്ധഭീതിയുടെ പേരിലാണ് പഴയ തീരുമാനം അടിച്ചേൽപ്പിച്ചിരിക്കുന്നത്. കേന്ദ്ര നിർദ്ദേശം കാരണം പെട്രോൾ പമ്പുകളിൽ നിന്ന് കുപ്പികളിലും കന്നാസുകളിലും പെട്രോളും ഡീസലും നൽകുന്നില്ല. ബൈക്കുകളും ഓട്ടോറിക്ഷയും കാറും അടക്കം ഇന്ധനം തീർന്ന് റോഡിൽ കിടന്നാലും പെട്ടെന്ന് പമ്പുകളിൽ പോയി കുപ്പിയിൽ ഇന്ധനം വാങ്ങി വരാമെന്നുള്ള മോഹവും അസ്തമിക്കുകയാണ്.
മോട്ടോറുകളും ജനറേറ്ററുകളും കാർഷിക ആവശ്യത്തിനായി പ്രവർത്തിപ്പിക്കുന്ന കൃഷിക്കാർക്കും ഇത് വലിയ തിരിച്ചടിയാകുന്നു. മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന വെള്ളമടിക്കുന്ന മോട്ടോറുകൾ പ്രവർത്തിക്കാനും പെട്രോൾ വേണം. ജനറേറ്ററുകൾ പ്രവർത്തിക്കുന്നത് ഡീസലിലാണ്. കന്നാസുകളിലും കുപ്പികളിലും ഡീസൽ കൊണ്ടുവന്നാണ് കൃഷിയിടത്തിലെ മോട്ടോറുകൾ പ്രവർത്തിക്കുന്നത്. പന്തലുകൾ, അലങ്കാരം. ശബ്ദവും വെളിച്ചവും മേഖലകളിലെ ഉടമകളും തൊഴിലാളികളും കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ്. നിരവധി പ്രോഗ്രാമുകൾ ഉപേക്ഷിക്കുകയാണ്. വിവാഹ ചടങ്ങുകൾ ഇരുട്ടത്ത് നടത്തേണ്ടുന്ന സ്ഥിതിയുമാണ്. ഒരു ദിവസം മുഴുവനായി വലിയ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ 12 ലിറ്റർ ഡീസൽ ആവശ്യമാണ്.
കമ്പനികളുടെ നിർദ്ദേശങ്ങൾ
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, പെട്രോൾ പമ്പുകളിൽ നിന്ന് വാഹനങ്ങളുടെ ടാങ്കുകളിലേക്ക് മാത്രമേ ഇന്ധനം നിറയ്ക്കാൻ അനുവാദമുള്ളൂ.
പ്ലാസ്റ്റിക് കുപ്പികളിൽ പെട്രോൾ നൽകുന്നത് നിയമവിരുദ്ധമായതിനാൽ പമ്പുകൾക്കെതിരെയും വാങ്ങുന്നവർക്കെതിരെയും കർശന നടപടികൾ ഉണ്ടാകാം.
2000 രൂപ നൽകി പെട്രോൾ പമ്പുകളിൽ നിന്ന് 20 ലിറ്ററിന്റെ കണ്ടെയ്നറിൽ മാത്രമേ ഡീസലും പെട്രോളും നൽകാവൂ
തൊഴിൽ മേഖലകളെ നിശ്ചലമാക്കുന്ന നിർദ്ദേശം പിൻവലിച്ചില്ലെങ്കിൽ പ്രശ്നം ഗുരുതരമാകും. വിവാഹങ്ങളും പൊതുപരിപാടികളും ഇരുട്ടിൽ നടത്തേണ്ടിവരും. ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിക്കും. ഒമ്പതിനായിരത്തോളം അംഗങ്ങളുള്ള ഹയർ ഗുഡ്സ് മേഖലയെ തീർത്തും നിശ്ചലമാക്കുന്നതാണ് തീരുമാനം.
ടി വി ബാലൻ (സംസ്ഥാന ജനറൽ സെക്രട്ടറി , ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ)
പെട്രോൾ തീർന്ന് വഴിയിലായ കാറിൽ ഇന്ധനം നിറക്കാൻ മൂന്നിരട്ടി പണമാണ് ചെലവായത്. തികച്ചും ജനദ്രോഹമാണ് ഈ നടപടി. ഈ നിയന്ത്രണം ഇല്ലെങ്കിലും അപകടങ്ങൾ സംഭവിക്കും. വേഗത്തിൽ പിൻവലിക്കണം.പി.വി ചന്ദ്രൻ (ചെറുവത്തൂർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |