
കാസർകോട്: നീറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ മാനസിക സമ്മർദത്തിലാണ് മകൾ ജീവനൊടുക്കിയതെന്ന് പള്ളിക്കര കീക്കാനം കാരക്കുന്ന് കാദംബരി വീട്ടിൽ
ഐജയുടെ(19) അമ്മ രാധിക.
ആദ്യ പരീക്ഷ നന്നായി എഴുതിയ സന്തോഷത്തിലായിരുന്നു ഐജ. അപ്രതീക്ഷിതമായി പരീക്ഷ റദ്ദാക്കിയതോടെ വീണ്ടും പരിശീലനത്തിനായി മേയ് 29ന് വീട്ടിൽ നിന്ന് പോയി. ജൂൺ രണ്ടിന് എൻട്രൻസ് പരിശീലന കേന്ദ്രത്തിന്റെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പിറ്റേന്ന് മരണം സംഭവിച്ചു. മാനസിക സമ്മർദ്ദം കാരണം വീണ്ടും പഠിക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞു മകൾ അയച്ച സന്ദേശങ്ങൾ പൊലീസിന് കൈമാറിയിരുന്നതായി അമ്മ വെളിപ്പെടുത്തി.
കാസർകോട് പെരിയ നവോദയ വിദ്യാലയത്തിൽ പഠിച്ച് 80 ശതമാനത്തിലേറെ മാർക്ക് നേടിയാണ് പ്ലസ്‌ടു പാസായത്. അമ്മ തയ്യൽക്കട നടത്തിയാണ് മകളുടെ ഡോക്ടറെന്ന സ്വപ്നം പൂവണിയാന്‍ ഒപ്പം നിന്നത്. മകൾ വിടവാങ്ങിയതിന്റെ വേദനയിൽ നിന്ന് കുടുംബം ഇനിയും മുക്തമായിട്ടില്ല .ഡി വൈ.എഫ് .ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച കുടുംബത്തെ സന്ദർശിച്ചു. എം.പിമാരായ എ.എ റഹിമും ജോണ്‍ ബ്രിട്ടാസും വീഡിയോ കോളിലൂടെ സംസാരിച്ചു. കുടുംബത്തിനു വേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ശക്തമായ ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |