SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.47 AM IST

ചാമ്പ്യൻസ് ബോട്ട് ലീഗിൽ നിന്ന് പേര് വെട്ടി  പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു  മഹാത്മാഗാന്ധി ട്രോഫി വള്ളംകളി തിരിച്ചുവരുന്നു  മുന്നൊരുക്കത്തിനായി 23ന് യോഗം 

കാസർകോട്: 'ചാമ്പ്യൻസ് ബോട്ട് ലീഗ്' മത്സരങ്ങളിൽ നിന്ന് ഇത്തവണ കാസർകോടിന്റെ പേര് വെട്ടിയതിനെ തുടർന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് ഫലം കാണുന്നു. തൃക്കരിപ്പൂർ എം.എൽ.എ.സന്ദീപ് വാര്യരുടെ ഇടപെടലിൽ മുമ്പ് നടത്തിയിരുന്ന മഹാത്മാഗാന്ധി ട്രോഫി വള്ളംകളി മത്സരം തിരിച്ചു കൊണ്ടുവരും. മത്സരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും മുന്നൊരുക്കങ്ങൾ നടത്തുന്നതിനും വേണ്ടിയുള്ള യോഗം 23 ന് വൈകിട്ട് നാല് മണിക്ക് കോട്ടപ്പുറം ടൗൺ ഹാളിൽ എം.എൽ.എ മുൻകൈയെടുത്ത് വിളിച്ചു ചേർത്തു.
അതേസമയം ജലോത്സവം എവിടെയാണ് നടത്തുന്നത് എന്നത് സംബന്ധിച്ച സൂചനകളൊന്നും നൽകിയിട്ടില്ല. കോട്ടപ്പുറം ബോട്ട് ടെർമിനൽ ഭാഗത്ത് ആണോ നടത്തുന്നത്, കഴിഞ്ഞ മൂന്ന് വർഷവും ജലോത്സവം നടത്തിയ ഭാഗത്താണോ എന്നതൊന്നും വ്യക്തമല്ല. ഈ പ്രദേശത്തെ തുഴച്ചിൽകാരുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് സന്ദീപ് വാര്യർ നേരത്തെ അറിയിച്ചിരുന്നു. ടൂറിസം വകുപ്പിന്റെയും ഡി.ടി.പി.സിയുടെയും ഫണ്ട് ഉപയോഗിച്ചായിരിക്കും ജലോത്സവം സംഘടിപ്പിക്കുക.

2026 ലെ 'ചാമ്പ്യൻസ് ബോട്ട് ലീഗ്' മത്സരങ്ങളുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ കാസർകോട് അച്ചാംതുരുത്തിയുടെ പേര് ഉണ്ടായിരുന്നില്ല. 2025 ൽ ചെറുവത്തൂർ പഞ്ചായത്തിലെ അച്ചാംതുരുത്തിയിൽ കോട്ടപ്പുറം പാലത്തിന്റെ കിഴക്കുഭാഗത്തായാണ് ബോട്ട് ലീഗ് നടത്തിയിരുന്നത്. അതിന് മുമ്പ് രണ്ടു വർഷങ്ങളായി മഹാത്മാഗാന്ധി ട്രോഫി വള്ളംകളി മത്സരവും സംഘടിപ്പിച്ചിരുന്നത് അവിടെയായിരുന്നു. 2024ലാണ് അവസാനമായി മഹാത്മാഗാന്ധി ട്രോഫി വള്ളംകളി മത്സരം നടന്നത്. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്, നീലേശ്വരം നഗരസഭാ പരിധികളിലെ തുഴച്ചിൽ ക്ലബുകൾ മുഴുവൻ പ്രതീക്ഷയോടെ കാത്തുനിൽക്കുന്നതിന് ഇടയിലാണ് 2026 ലെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ നിന്ന് കാസർകോട് ജില്ലയുടെ പേര് വെട്ടിയതായി വ്യക്തമായത്. ഇതിനെതിരെ ക്ലബുകളും ജനപ്രതിനിധികളും വലിയ പ്രതിഷേധം ഉയർത്തി. കൊവിഡിന് മുമ്പ് വരെ മഹാത്മാഗാന്ധി ട്രോഫി വള്ളംകളി മത്സരം നടത്തിയിരുന്നത് മയ്യിച്ചയിൽ ആയിരുന്നു. ദേശീയപാത നിർമ്മാണം കൂടി വന്നതോടെ സ്ഥലം അച്ചാംതുരുത്തിയിലേക്ക് മാറ്റുകയായിരുന്നു. മയ്യിച്ചയിൽ വള്ളംകളി സ്റ്റേജ് സ്ഥാപിക്കുന്ന സ്ഥലത്താണ് ദേശീയപാതയുടെ പുതിയ പാലം നിർമ്മിച്ചത്.


ട്രാക്കിലെ ആഴം പ്രധാന ആശങ്ക

വള്ളംകളി നടത്തുന്ന പുഴയിൽ സ്ഥാപിക്കുന്ന ട്രാക്കിലെ വെള്ളത്തിന്റെ ആഴം തുഴച്ചിലുകാർക്ക് പ്രധാന വിഷയമാണ്. ആഴക്കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമേ എളുപ്പത്തിൽ തുഴയാൻ കഴിയുകയുള്ളൂ. ആഴമില്ലെങ്കിൽ തുഴയുന്നതിന് തടസം നേരിടും. കോട്ടപ്പുറം പാലത്തിന്റെ കിഴക്കുഭാഗം മുമ്പ് നടത്തിയിരുന്ന സ്ഥലങ്ങളിൽ ആഴത്തിന്റെ പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് തുഴച്ചിൽ ക്ലബുകാർ പറയുന്നു.


എം.എൽ.എ വിളിച്ചു സംസാരിച്ചിരുന്നു. 23ന് യോഗം വിളിക്കുന്ന കാര്യം അറിയിച്ചു സഹായം തേടി. ജലോത്സവം നടത്തുന്ന സ്ഥലം സംബന്ധിച്ചോ അതിന്റെ മറ്റു കാര്യങ്ങളോ അറിഞ്ഞിട്ടില്ല. യോഗത്തിൽ അറിയിക്കുമായിരിക്കും.

പി.പി മുഹമ്മദ് റാഫി, ചെയർമാൻ, നീലേശ്വരം നഗരസഭ


എം.എൽ.എയുടെ ഓഫീസിൽ യോഗ നോട്ടീസ് വാട്സ് ആപ്പിൽ അയച്ചു തന്നിട്ടുണ്ട്. ജലോത്സവം എവിടെയാണ് നടത്തുന്നതെന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും അറിവുള്ളതല്ല. കഴിഞ്ഞ മൂന്ന് വർഷവും അച്ചാംതുരുത്തിയിൽ ആണ് ജലോത്സവം നടന്നിരുന്നത്.

ടി. നാരായണൻ, പ്രസിഡന്റ്, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VALLAMKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY