
തൃക്കരിപ്പൂർ: നടക്കാവിൽ കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം തടയുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി ഒടിക്കുകയും ചെയ്ത സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 150 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.
കാലിക്കടവ് ടൗണിലെ ചുമട്ട് തൊഴിലാളിയും ചന്തേര സ്വദേശിയുമായ വിജേഷ് (36), മാണിയാട്ട് ബാങ്കിലെ വാച്ച്മാനും ചന്തേര സ്വദേശിയുമായ നിഖിൽ (30), എം.രാഹുൽ (28)നടക്കാവ്, പി. അഖിൽ ( 26) പിലിക്കോട്, കെ.വി യദു (32), സനീഷ് കൊയോങ്കര, വത്സരാജ്, വിപിൻ എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒന്നിന് രാത്രി എട്ടരയോടെയാണ് നടക്കാവ് ബസ് വെയ്റ്റിംഗ് ഷെൽട്ടറിന് സമീപം സംഘർഷമുണ്ടായത്. നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ മന്ത്രി ഒ.ജെ. ജനീഷും തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി നടക്കുന്നതിനിടെ 150 ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചിരുന്നു.
മുന്നറിയിപ്പ് നൽകിയിട്ടും സ്ഥലത്ത് തുടരുകയും തുടർന്ന് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയുടെ വാഹനത്തിന് സമീപം എത്തി റോഡിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സം സൃഷ്ടിച്ചതിനൊപ്പം ഒരു കാറിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കാൻ ശ്രമിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതായും പൊലീസ് ആരോപിക്കുന്നു. സംഭവം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ തള്ളിമാറ്റിയതെന്നാണ് കേസ്. നിഖിൽ, രാഹുൽ, വിജേഷ് എന്നിവരും തിരിച്ചറിയാത്ത 150 പേരും ചേർന്ന് പൊലീസുകാരെ കൈയേറ്റം ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.
ഇതിനിടെ എസ്.ഐ. ദിലേഷ് രാജന്റെ കൈവശമുണ്ടായിരുന്ന ഔദ്യോഗിക ഫൈബർ ലാത്തി പിടിച്ചുവാങ്ങി ഒടിക്കുകയും എസ്.ഐ. വിനോദ് കുമാറിന്റെ നെയിം പ്ലേറ്റ് വലിച്ചുപറിച്ച് നശിപ്പിക്കുകയും ചെയ്തതായും പൊലീസ് ആരോപിക്കുന്നു. സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായർ, ജൂനിയർ എസ്.ഐ. സതീഷ് എന്നിവരെയും തള്ളിമാറ്റിയതായി പറയുന്നു. കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ പ്രവർത്തകർ ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 500 രൂപയുടെ സർക്കാർ സ്വത്ത് നശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. സബ് ഇൻസ്പെക്ടർ വിഷ്ണു എസ്. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |