SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

ചവറയുടെ ഹൃദയം തൊട്ട് ഷിബു ബേബി ജോൺ

dd

കൊല്ലം: 'നമ്മുടെ വേണുവിന്റെ അവസ്ഥ ഈ നാട്ടിൽ ഇനിയൊരാൾക്കും ഉണ്ടാകരുത്. വേണുവിന്റെ രണ്ട് പെൺമക്കളെപ്പോലെ ഈ നാട്ടിൽ ആരുടെയും സ്വപ്നങ്ങൾ തകരരുത്.' യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബിജോണിന്റെ വൈകാരികമായ പ്രസംഗം കേട്ട് ചവറ പടപ്പനാൽ ജംഗ്ഷൻ നിശബ്ദമായി.

ഒരു ഉത്സവാഘോഷ യാത്രപോലെയാണ് ഇന്നലെ രാവിലെ ഒമ്പതോടെ ഷിബുവിന്റെ സ്വീകരണ പര്യടന സംഘം ചവറ പടപ്പനാൽ ജംഗ്ഷനിലെത്തിയത്. തടിച്ചുകൂടിയ നൂറിലേറെപ്പേർ ഷിബുവിനെ തോളിലേറ്റി. മാലകളും ഷാളുകളും അണിയിച്ച് എതിരേൽക്കാൻ പ്രവർത്തകരുടെ മത്സരം. ഷിബു നന്ദി പറയാനായി മൈക്കെടുത്തതോടെ തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യങ്ങൾ നിലച്ചു.

'നിങ്ങൾ യു.ഡി.എഫിനെ വിജയിപ്പിച്ചാൽ എം.എൽ.എ ഓഫീസിൽ പാവങ്ങളുടെ ചികിത്സാ കാര്യങ്ങൾക്കായി ഒരു പ്രത്യേക വിംഗ് ഉണ്ടാകും.. പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സെക്രട്ടേറിയറ്റ് നടയിൽ മുട്ടിൽ ഇഴയേണ്ടി വരില്ല. എം.എൽ.എ ഓഫീസ് കേന്ദ്രീകരിച്ച് പി.എസ്.സി പരിശീലന കേന്ദ്രവുമുണ്ടാകും. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ വേഗത്തിലാക്കാനുള്ള ഇടപെടൽ ഉണ്ടാകും.'' യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയങ്ങളെ നാടിന്റെ സങ്കടങ്ങളുമായി കോർത്തിണക്കിയുള്ള ഷിബുവിൻ്റെ നന്ദി പ്രസംഗം .

ചവറയിലെ യു.ഡി.എഫ് പ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വലിയ ആൾക്കൂട്ടം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഷിബു ചവറയിൽ പരാജയപ്പെട്ടിരുന്നു. മണ്ഡലം തിരിച്ചു പിടിക്കാൻ കഴിഞ്ഞ അഞ്ചു വർഷമായി ഷിബു ചവറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരന്നു. ആർ.എസ്.പിയുടെ സംഘടനാ സംവിധാനം ശക്തമാക്കി. ചവറയിലെ കല്യാണങ്ങൾ,മരണങ്ങൾ അടക്കമുള്ള എല്ലാ വിശേഷങ്ങൾക്കും അദ്ദേഹമുണ്ട്. സ്വീകരണ പര്യടനങ്ങളിലെ നന്ദി പ്രസംഗത്തിനിടയിൽ കഴിഞ്ഞ രണ്ട് തോൽവികളുടെ സങ്കടം മറച്ചു വയ്ക്കാതെ ഷിബു പറയുന്നുണ്ട്, 'എന്റെ ഉച്ചിയുറപ്പിച്ചവർക്ക് വേണമെങ്കിൽ ഉദകക്രിയയും ചെയ്യാം. നിങ്ങൾ അങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം'.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL