SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ചവറ വാസുപിള്ള: ബേബിജോണിന്റെ നെഞ്ചിലിടം നേടിയ അതികായൻ

കൊല്ലം: ചവറയിലെ സ്വകാര്യ കരിമണൽ കമ്പനിയായിരുന്ന എ.എം.സിയിൽ തൊഴിലാളികളുടെ യോഗം ചേരാൻ എത്തിയ ബേബിജോൺ തൊട്ടടുത്തുള്ള റോഡരികിൽ വച്ചാണ് കൗമാരക്കാരനായ ചവറ വാസുപിള്ളയെ ആദ്യമായി കാണുന്നത്. അതൊരു ഹൃദയബന്ധത്തിന്റെ തുടക്കമായിരുന്നു. ബേബിജോണിന്റെ നിഴലായി പിന്നീട് മാറിയ ചവറ വാസുപിള്ള (92) വലിയൊരു ചരിത്രം അവശേഷിപ്പിച്ചാണ് കഴിഞ്ഞദിവസം യാത്രയായത്.

ബേബിജോണിന്റെ ഉറ്റ അനുയായിയും വിശ്വസ്തനും ആയിരുന്നതിന്റെ പേരിൽ ഏറെ യാതനകൾ ചവറ വാസുപിള്ള നേരിട്ടു. ആർ.എസ്.പി നേതാവായിരുന്ന സരസന്റെ കോളിളക്കം സൃഷ്ടിച്ച തിരോധാനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളും പൊലീസിന്റെ വേട്ടയാടലുമാണ് പ്രധാനം. ചവറ ഐ.ആർ.ഇയിൽ ആർ.എസ്.പിയുടെ യൂണിയന്റെ പ്രസിഡന്റ് ബേബിജോണും സെക്രട്ടറി ചവറ വാസുപിള്ളയും ട്രഷറർ സരസനുമായിരുന്നു. തർക്കത്തെ തുടർന്ന് സരസൻ ആർ.എസ്.പി യൂണിയൻ വിട്ട് ഐ.എൻ.ടി.യു.സിയിൽ ചേർന്നു. 1981 ജനുവരി 5ന് സരസനെ കാണാതായി. ചവറ കൊറ്റൻകുളങ്ങരയിൽ സൈക്കിൾ വച്ച ശേഷം കരുവാറ്റയ്ക്ക് ബസ് കയറിയ സരസനെ പിന്നീടാരും കണ്ടില്ല.

സരസനെ ജീപ്പിടിച്ച് കൊലപ്പെടുത്തിയ ശേഷം ബേബിജോണിന്റെ നീണ്ടകരയിലെ ഐസ് ഫാക്ടറിയിലെത്തിച്ച് വെട്ടിനുറുക്കി ബോട്ടിൽ കൊണ്ടുപോയി കടലിൽ തള്ളിയെന്ന് കഥ പരന്നു. ഈ കഥ മുദ്രാവാക്യമാക്കി നടന്ന സമരത്തിനിടെ അന്ന് ചവറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചവറ വാസുപിള്ളയുടെ കാർ ഒരുവിഭാഗം കത്തിച്ചു. പൊലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു.മർദ്ദനത്തിനിരയായി. അദ്ദേഹത്തിന്റെ ഭാര്യക്ക് ജോലിക്കും മക്കൾക്ക് സ്കൂളിലും പോകാൻ കഴിയാത്ത അവസ്ഥയായി. തൊട്ടുപിന്നാലെ തന്നെ നിയമസഭ തിര‌ഞ്ഞെടുപ്പിൽ എതിരാളികൾ സരസന്റെ തിരോധാനം ബേബിജോണിനെതിരെ ആയുധമാക്കി. ബേബിജോണിന് അന്ന് കരുത്ത് നൽകിയത് ചവറ വാസുപിള്ളയായിരുന്നു.

കൊല്ലപ്പെട്ടെന്ന് പലരും വിശ്വസിച്ച സരസൻ 1986ൽ മടങ്ങിവന്നതോടെയാണ് ബേബിജോണിനും ചവറ വാസുപിള്ളയ്ക്കും ആശ്വാസമായത്. ബേബിജോൺ മത്സരിച്ച പല തിരഞ്ഞെടുപ്പുകളിലും തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ചവറ വാസുപിള്ളായിരുന്നു. ബേബിജോൺ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരണത്തിന് പോകുമ്പോൾ ചവറയിൽ പ്രചാരണം നയിച്ചിരുന്നത് വാസുപിള്ളയായിരുന്നു.

സംസ്കാരം ഇന്ന്

കൊല്ലം ജില്ലാ കൗൺസിലിന്റെ പ്രഥമ പ്രസി‌‌ഡന്റ്, ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ, ചവറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.എം.എം.എൽ ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭൗതിക ദേഹം ഇന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് ഓഫീസ്, ചവറ സർവീസ് സഹകരണ ബാങ്ക്, ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി ഓഫീസ് തുടങ്ങിയിടങ്ങളിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് നാലിന് ചവറ കുളങ്ങരഭാഗത്തെ വീട്ടുവളപ്പിൽ സംസ്കരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL