SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

ചവറയിൽ ആത്മബന്ധം ജ്വലിപ്പിച്ച് ഷിബു ബേബിജോൺ

shibu

മത്സരിക്കുന്നെങ്കിൽ ചവറയിൽ നിന്നായിരിക്കുമെന്ന് ഷിബു ബേബിജോൺ സ്ഥാനാർത്ഥി നിർണയത്തിന് മുന്നേ പരസ്യപ്രസ്താവന നടത്തിയിരുന്നു. തീരദേശ മേഖലയായ ചവറയുമായുള്ള ആത്മബന്ധമാണ് അതിന് കാരണം. തോറ്റും ജയിച്ചും ചവറയുടെ ഭാഗമായി പൊതുപ്രവർത്തനം നടത്തിയ ഷിബു ഇക്കുറി വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതും മന്ത്രി പദത്തിലേക്ക് കടക്കുന്നതും. ചവറയുമായുള്ള ആത്മബന്ധമായിരുന്നു പ്രധാന പ്രചാരണായുധം.

2001ൽ റവല്യൂഷണറി സോഷ്യലിസ്റ്റ് (ബി) രൂപീകരിച്ചാണ് ആദ്യമായി ചവറയിൽ അങ്കത്തിനിറങ്ങിയത്. ആർ.എസ്.പി സ്ഥാനാർത്ഥിയായിരുന്ന വി.പി.രാമകൃഷ്ണപിള്ളയ്ക്കെതിരെ അട്ടിമറി വിജയം നേടി. 2006ൽ നിയമസഭ തിരഞ്ഞെടുപ്പിൽ ആർ.എസ്.പിയുടെ എൻ.കെ.പ്രേമചന്ദ്രനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. 2011ൽ വീണ്ടും പ്രേമചന്ദ്രനോട് ഏറ്റുമുട്ടി 6061 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു, യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായി. 2014ൽ ആർ.എസ്.പിയിൽ ഷിബുവിന്റെ പാർട്ടി ലയിച്ചു. 2016ൽ എൽ.ഡി.എഫിന്റെ എൻ.വിജയൻപിള്ളയോടും 2021ൽ മകൻ ഡോ.സുജിത്ത് വിജയൻ പിള്ളയോടും ഏറ്റുമുട്ടി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം ജനപ്രതിനിധിയല്ലാതെ പാർട്ടിക്കാരനായി മാത്രം പ്രവർത്തിക്കുമ്പോഴും ചവറ തിരിച്ചുപിടിക്കാനുള്ള കളമൊരുക്കുകയായിരുന്നു.

പിതാവ് മുൻ മന്ത്രി ബേബിജോണിന്റെ വഴിയിലൂടെ ആർ.എസ്.പിയിലെത്തിയ ഷിബു ബേബിജോൺ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി. കഴിഞ്ഞ തവണ 1096 വോട്ടുകൾക്ക് പരാജയപ്പെട്ട ഷിബു ഇക്കുറി 18,573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഭാര്യ ആനി അദ്ധ്യാപികയാണ്. അച്ചു ബേബിജോൺ, അമർ സെബാസ്റ്റ്യൻ ജോൺ എന്നിവർ മക്കൾ. നികിത മരുമകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL