SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

വൻമതിൽ പൊളിയും, ആകാശപ്പാത വരും ചിന്നക്കടയിൽ വലിയ വിശേഷം!

രൂപരേഖ കൗൺ​സി​ൽ യോഗത്തി​ൽ അവതരി​പ്പി​ച്ചു

കൊല്ലം: ചി​ന്നക്കടയെ രണ്ടാക്കി​ മാറ്റി​യ 'വൻമതി​ലി'​നു പകരം ആകാശപ്പാതയും അർബർ പാർക്കിംഗുമായി​ പുതി​യ രൂപരേഖ.

കോർപ്പറേഷന്റെ അഭ്യർത്ഥന പ്രകാരം അഭിലാഷ് ആർക്കിടെക്ട്സി​ന്റെ എം.ഡി വി.ആർ. ബാബുരാജ് ഇന്നലെ കോർപ്പറേഷൻ കൗൺ​സി​ൽ യോഗത്തി​ൽ കരട് രൂപം അവതരിപ്പിച്ചു.

ചിന്നക്കട ബസ് ബേയിൽ നിന്നാരംഭിച്ച് നിലവിലെ ട്രാഫിക് സർക്കിളിന് മുകളിലൂടെ ക്ലോക്ക് ടവറിന് മുന്നിലെത്തി ആകാശപ്പാത രണ്ട് ശാഖകളായി തിരിയും. ഒരു പാത റെയിൽവേ സ്റ്റേഷന് മുന്നിലും രണ്ടാമത്തേത് എസ്.എം.പി റെയിൽവേ ഗേറ്റിന് മുകളിലൂടെ പബ്ലിക് ലൈബ്രറിക്ക് മുന്നിലും അവസാനിക്കും. ആകാശപ്പാതയുടെ പില്ലറുകൾക്ക് താഴെയാണ് കൊല്ലം വി പാർക്ക് മാതൃകയിലുള്ള അർബൻ പാർക്ക് വിഭാവനം ചെയ്യുന്നത്.

നേരത്തെ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നോ പാർവ്വതി മി​ല്ലി​നു മുന്നിൽ നിന്നോ തുടങ്ങുന്ന ആകാശപ്പാതയെക്കുറിച്ചായിരുന്നു ചർച്ച. ആകാശപ്പാതയുടെ നീളം വർദ്ധിക്കുന്നത് തൊട്ടുതാഴെയുള്ള വ്യാപാര സ്ഥാപനങ്ങളെ ബാധിക്കും. മുകളിലൂടെ കടന്നുപോകാൻ സാഹചര്യം ഒരുങ്ങുമ്പോൾ തൊട്ടുതാഴെയുള്ള സ്ഥാപനങ്ങളിൽ ആളുകൾ കുറയും. അതൊഴിവാക്കാനാണ് ആകാശപ്പാതയുടെ ആരംഭം ചിന്നക്കട ബസ് ബേയിൽ ആക്കിയത്.

ആകാശപ്പാത ഇങ്ങനെ

 ആകെ നീളം 1.100 കി.മീറ്റർ
 12 മീറ്റർ വീതി
 4.5 മീറ്ററുള്ള രണ്ട് വരിപ്പാത
 1.5 മീറ്റർ വീതം നടപ്പാത
 ആകാശപ്പാത ഒറ്റത്തൂണിൽ
 തൂണിന്റെ വ്യാസം 2.5 മീറ്റർ മാത്രം
 പില്ലറുകൾ അധികം സ്ഥലം കവരില്ല
 ആകാശപ്പാതയുടെ താഴെ പാ‌ർക്കിംഗ്
 അനുയോജ്യമായിടത്ത് അർബൻ പാർക്ക്

 പാലത്തിൽ പ്രകാശ സംവിധാനം
 ചെലവ് 200 കോടി

ചിന്നക്കട റൗണ്ടിൽ ഭൂഗോളം

നിലവിലെ ചിന്നക്കട റൗണ്ടിൽ നാല് പില്ലറിൽ നിൽക്കുന്ന നൂറടി വ്യാസമുള്ള പ്ലാറ്റ്ഫോം നിർമ്മിക്കും. ഈ പ്ലാറ്റ്ഫോമിലൂടെ വാഹനങ്ങൾ കടന്നുപോകും. അതിന് മുകളിൽ കൊല്ലത്തിന്റെ പ്രൗഢമായ ചരിത്രത്തിന്റെ അടയാളമായി ഗ്ലോബും അതിന് മുകളിൽ ദേശീയപതാകയും ഉണ്ടാകും. റൗണ്ടിലെ പില്ലറുകളിൽ കൊല്ലത്തിന്റെ ചരിത്രവും പ്രമുഖ വ്യക്തികളെയും ചിത്രങ്ങളിലൂടെ ആലേഖനം ചെയ്യും. ചുണ്ടൻ വള്ളങ്ങളുടെ മാതൃകയിലാണ് മൂന്ന് പാതകളിലേക്കുമുള്ള പ്രവേശനകവാടം

വി.ആർ. ബാബുരാജിന്റെ ഭാവന

പ്രമുഖ ആർക്കിടെക്ടും അഭിലാഷ് ആർക്കിടെക്ട്സിറ്റിന്റെ എം.ഡിയുമായ വി.ആർ. ബാബുരാജാണ് രൂപരേഖ തയ്യാറാക്കിയത്. കൊട്ടിയം ലുലുമാൾ, എൻ.എസ് ആശുപത്രി, ബെൻസിഗർ ആശുപത്രി, ഇൻഫന്റ് ജീസസ് സ്കൂൾ, തേവള്ളി പള്ളി, കടവൂർ പള്ളി, കുരീപ്പുഴ ദേവാലയം തുടങ്ങിയ ശ്രദ്ധേയമായ നിരവധി രൂപരേഖകൾ ഇദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

സ്ഥലം ഏറ്റെടുക്കേണ്ട

ഒരിഞ്ച് സ്ഥലം പോലും ഏറ്റെടുക്കേണ്ടാത്ത തരത്തിലാണ് ആകാശപ്പാതയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിന്റെയും റെയിൽവേയുടെയും അനുമതി ലഭിച്ചാലുടൻ നിർമ്മാണത്തിലേക്ക് കടക്കാനാകും.

നിലവിലെ രൂപരേഖ പൊതുജനങ്ങൾക്ക് മുന്നി​ൽ അവതരിപ്പിച്ച് അഭിപ്രായം തേടും. അതിന് ശേഷമേ തുടർ നടപടികളുണ്ടാകു. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്നാണ് ആർക്കിടെക്ട് പറയുന്നത്. എന്നാലും രണ്ട് വർഷം വരെ പോകാം

എ.കെ. ഹഫീസ് (മേയർ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL