SignIn
Kerala Kaumudi Online
Wednesday, 20 May 2026 5.03 AM IST

കനത്ത മഴ, കാറ്റ്; ജി​ല്ലയി​ൽ ജാഗ്രത

കൊല്ലം: വേനൽമഴ കനത്തതോടെ ജില്ലയിൽ വ്യാപക നാശനഷ്ടം. കരുനാഗപ്പള്ളി താലൂക്കിൽ കനത്ത മഴയെത്തുടർന്ന് ഒരു വീട് ഭാഗികമായി തകർന്നു.

ജില്ലയിൽ പകൽ മുഴുവൻ കാർമേഘം മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തും നഗരത്തിലെ പ്രധാന പാതകളിലും പെട്ടെന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി. അറബിക്കടലിൽ തെക്കൻ കേരള തീരത്ത് താഴ്ന്ന നിലയിൽ രൂപപ്പെട്ട പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനത്താൽ കൊല്ലം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കാലവർഷ പ്രതീതിയുള്ള മഴയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും മഴ ശക്തമാകും.

അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാദ്ധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷം 26 ഓടെ കേരളത്തിൽ എത്തിയേക്കുമെന്നാണ് പ്രവചനം. ഇതിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാൻ സാദ്ധ്യതയുണ്ട്. നിലവിൽ രാജ്യത്ത് രണ്ട് പ്രധാന ന്യൂനമർദ്ദ പാത്തികൾ നിലനിൽക്കുന്നതാണ് പ്രീ-മൺസൂൺ മഴ സജീവമാകാൻ കാരണം.

കിഴക്കൻ ഉത്തർപ്രദേശിൽ നിന്ന് തുടങ്ങി മദ്ധ്യ മഹാരാഷ്ട്ര, മറാത്ത്‌വാഡ, കർണാടകയുടെ ഉൾപ്രദേശങ്ങൾ, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒന്നാമത്തെ ന്യൂനമർദ്ദ പാത്തി. തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തുടങ്ങി കേരളം, തെക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾ, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് രണ്ടാമത്തെ പാത്തി. ഇതിന്റെ സ്വാധീനത്താൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL