പരാതിയുമായി യുവതി രംഗത്ത്
കൊല്ലം: പേരൂർ സർവീസ് സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ ആഭരണങ്ങൾ കാണാനില്ലെന്ന് പരാതി. പേരൂർ മംഗലത്ത് വടക്കതിൽ വീട്ടിൽ ധന്യയാണ് പരാതി നൽകിയത്.
ധന്യ പറയുന്നത്: 2013ലാണ് ലോക്കർ തുടങ്ങിയത്. പല സമയങ്ങളിലായി 48 പവൻ ലോക്കറിൽ വച്ചു. 2024 ഡിസംബർ 10ന് ലോക്കർ തുറന്ന് 1.25 ഗ്രാം വരുന്ന കൈചെയിൻ എടുത്തു. ബാക്കിയുള്ള സ്വർണം കണ്ട് ബോദ്ധ്യപ്പെട്ട് ലോക്കറിൽ തന്നെ വയ്ക്കുകയും ലോക്കർ പൂട്ടി ബാങ്ക് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാൽ താൻ വന്ന കാര്യം എഴുതി വയ്ക്കാനോ രജിസ്റ്ററിൽ ഒപ്പിടീക്കുകയോ ചെയ്തിട്ടില്ല. പീന്നീട് കഴിഞ്ഞ 22 ന് ആണ് വീണ്ടും ലോക്കർ തുറക്കാനായി ബാങ്കിൽ എത്തുന്നത്. എന്നാൽ ലോക്കറിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇല്ലാത്തതിനാൽ തുറക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. 27 ന് വീണ്ടും ബാങ്കിൽ എത്തി ലോക്കർ ക്ലോസ് ചെയ്യുകയാണെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് പറഞ്ഞു.
നടപടി പൂർത്തിയാക്കിയ ശേഷം തന്റെ കൈയിൽ നിന്ന് താക്കോൽ വാങ്ങി തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് താക്കോൽ പരിശോധിക്കാൻ ഞാൻ പുറത്തേക്ക് പോയ സമയം ലോക്കർ തുറന്നു എന്ന് പറഞ്ഞ് തിരികെ വിളിച്ചു. തുടർന്ന് സ്വർണം വച്ച ബോക്സുകൾ പരിശോധിച്ചപ്പോൾ കാലിയായിരുന്നു സംഭവദിവസം തന്നെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും 10 ദിവസം വരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ല. റ്റി പൊലീസ് കമ്മീഷണറെ കണ്ട ശേഷമാണ് എഫ്.ഐ.ആർ ഇട്ടത്. ബാങ്കിന്റെ പ്രസിഡന്റുമായി സംസാരിച്ചപ്പോൾ കേസുമായി മുന്നോട്ട് പോയ്‌ക്കോളൂ എന്ന മറുപടിയാണ് ലഭിച്ചത്- ധന്യ പറഞ്ഞു. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആരോപണത്തിൽ പൊരുത്തക്കേടെന്ന് ബാങ്ക്
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ബാങ്ക് ഡയറക്ടർ ബോർഡ് ചേർന്ന് അന്വേഷണത്തിന് ഉപസമിതിയെ നിയോഗിച്ചെന്നും ആ അന്വേഷണം നടന്നുവരികയാണെന്നും ബാങ്ക് അധികൃതർ അറിയിച്ചു. കുടിശ്ശിക അടച്ച് തീർക്കണമെന്നും കെ.വൈ.സി അപ്ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാങ്ക് രജിസ്റ്റേർഡ് കത്ത് അയച്ചിട്ടും പരാതിക്കാരിയായ ധന്യ ഹാജരായിരുന്നില്ല.
ബാങ്ക് രേഖകളിൽ, 2017 ന് ശേഷം ലോക്കർ ഉപയോഗിച്ചതായി കാണുന്നില്ല. ധന്യയുടെ പരാതിയിൽ വൈരുദ്ധ്യം കണ്ടെത്തിയതിനാൽ കിളികൊല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സാധാരണയായി ഉപഭോക്താവ് ലോക്കർ തുറക്കാൻ കയറിക്കഴിഞ്ഞാൽ ബാങ്കിന്റെ കൈവശമുള്ള മാസ്റ്റർ കീ ഉപയോഗിച്ച് തുറന്ന ശേഷം ബാങ്ക് ജീവനക്കാർ സ്ഥലത്തു നിന്ന് മാറി നിൽക്കും. പിന്നീട് ഉപഭോക്താവ് രജിസ്റ്ററിൽ എഴുതിയശേഷം, അകത്ത് കയറി തന്റെ കൈവശമുള്ള കീ ഉപയോഗിച്ച് ലോക്കർ തുറക്കും. സാധനങ്ങൾ എടുക്കുകയോ വയ്ക്കുകയോ ചെയ്ത ശേഷം ഉപഭോക്താവ് ലോക്കർ പൂട്ടും. പിന്നീട് മാസ്റ്റർ കീ ഉപയോഗിച്ച് ബാങ്ക് ജീവനക്കാരും പൂട്ടും. ഏതെങ്കിലും ഒരു താക്കോൽ ഉപയോഗിച്ച് മാത്രം ലോക്കർ തുറക്കാനാകില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |