SignIn
Kerala Kaumudi Online
Sunday, 12 July 2026 5.07 AM IST

ആർമി ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച ഹൗസ് ബോട്ട് മുങ്ങി, ആളപായമില്ല

photo

കൊല്ലം: ആർമി ഉദ്യോഗസ്ഥരും എൻ.സി.സി കേഡറ്റുകളും സഞ്ചരിച്ച ബോട്ട് കല്ലടയാറ്റിൽ മുങ്ങി, ആളപായമില്ല. ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. രണ്ട് ആർമി ഉദ്യോഗസ്ഥരും 24 എൻ.സി.സി കേഡറ്റുകളുമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. തിരുവല്ലയിൽ നിന്ന് എത്തിയതാണ് എൻ.സി.സി സംഘം.

ഓൺലൈനായി ബുക്ക് ചെയ്ത് മൺറോത്തുരുത്തിൽ എത്തി ബോട്ട് യാത്ര നടത്തുകയായിരുന്നു. രാവിലെ 11.30നാണ് സംഘം ബോട്ടിൽ കയറിയത്.15 കേരള ബറ്റാലിയനിലെ ആർമി ഉദ്യോഗസ്ഥരാണ് എൻ.സി.സി സംഘത്തിനൊപ്പം ഉണ്ടായിരുന്നത്. 17 പേർ കയറാവുന്ന ഹൗസ് ബോട്ടിൽ 26 പേർ കയറി.

വൈകിട്ട് 3.30ന് ബോട്ട് യാത്ര തുടരവെ ഉലച്ചിൽ പ്രകടമായി. ആറ്റു തീരത്തുള്ളവരും വള്ളത്തിൽ യാത്ര ചെയ്തവരും ബോട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വിളിച്ചുപറയുകയും കരയ്ക്ക് അടുപ്പിക്കാൻ ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ ജീവനക്കാർ തയ്യാറായില്ല. ബോട്ടിൽ വെള്ളം കയറി, ഒരു വശം പൂർണമായും ചരിഞ്ഞതോടെ അപകട സ്ഥിതി ബോദ്ധ്യമായവർ പൊലീസിൽ വിളിച്ചു.

പൊലീസും രക്ഷാ പ്രവർത്തകരും പാഞ്ഞെത്തിയാണ് ബോട്ട് കരയ്ക്ക് അടുപ്പിച്ച് മുഴുവൻ പേരെയും പുറത്തെത്തിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരിൽ ഒരാൾ രക്ഷപ്പെട്ടു. മറ്റ് രണ്ടുപേരെ കിഴക്കേ കല്ലട പൊലീസ് കസ്റ്റഡിയിലെടുത്തു. ബോട്ട് ജീവനക്കാർക്കെതിരെയും ഉടമയ്ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL