കൊല്ലം: പാവങ്ങളും സാധാരണക്കാരും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയെ ജനകീയ ചികിത്സാ കേന്ദ്രമാക്കാൻ നിരന്തരം ഇടപെടൽ നടത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. കേരളകൗമുദി കൊല്ലം യൂണിറ്റ് ഓഫീസ് സന്ദർശിച്ച ശേഷം വികസന സ്വപ്നങ്ങളും കൊല്ലം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആലോചനകളും പങ്കുവയ്ക്കുകയായിരുന്നു മന്ത്രി.
ജില്ലാ ആശുപത്രിയെക്കുറിച്ച് മന്ത്രി ഇങ്ങനെ പറഞ്ഞുതുടങ്ങി, ജില്ലാ ആശുപത്രിയിൽ നിലവിൽ നിരവധി സ്പെഷ്യാലിറ്റികളുണ്ട്. പക്ഷെ കൂടുതൽ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ സ്പെഷ്യാലിറ്റികൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യമില്ല. ജില്ലാ ആശുപത്രിയിലെ പുതിയ സമുച്ചയത്തിന്റെ നിർമ്മാണത്തിലെ തടസങ്ങൾ മാറ്റാനുള്ള ഇടപെടൽ നടത്തുന്നുണ്ട്. സാധാരണക്കാരും പാവങ്ങളുമാണ് ജില്ലാ ആശുപത്രിയിൽ വരുന്നത്. എത്തുന്നതിന് പിന്നാലെ റഫർ ചെയ്യുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തും. സ്കാനിംഗും എക്സ്റേയുമടക്കം പുറത്തേക്ക് എഴുതിവിടുന്ന സ്ഥിതിയും മാറ്റും.
മാന്യമായി പെരുമാറണം
ജില്ലാ ആശുപത്രി അടക്കമുള്ള സർക്കാർ ആശുപത്രികളിലെത്തുന്നവരോട് ജീവനക്കാർ മോശമായി പെരുമാറുന്നതായി പരാതിയുണ്ട്. ഇക്കാര്യത്തിൽ നേരിട്ട് ബോദ്ധ്യവുമുണ്ട്. രോഗികളോട് മാന്യമായി പെരുമാറിയാൽ പകുതി ആശ്വാസമാകും. അമിത ജോലിഭാരമാകാം പെരുമാറ്റം മോശമാകാനുള്ള കാരണം. ഇത് പരിഹരിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നത് സർക്കാർ തലത്തിൽ ആലോചിക്കും.
വിക്ടോറിയയിൽ ഡി.എൻ.ബി കോഴ്സ്
വിക്ടോറിയ ആശുപത്രിയിൽ ഒരു കെട്ടിടത്തിൽ മാത്രമാണ് ഹൈ ടെൻഷൻ വൈദ്യുതി കണക്ഷനുള്ളത്. ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി മുടങ്ങി ആകെ പ്രശ്നമാകുന്ന സ്ഥിതിയുണ്ട്. അതിന് പരിഹാരം കാണും. ഡി.എൻ.ബി കോഴ്സ് തുടങ്ങും. അതിന്റെ ഭാഗമായി നാല് റെസിഡന്റുമാർ വരും. അവരുടെ സേവനവും ആശുപത്രിയിൽ ലഭിക്കും.
കൊല്ലത്തൊരു സർക്കാർ കോളേജ്
കൊല്ലം മണ്ഡലത്തിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും. നിലവിൽ വിദ്യാർത്ഥികൾ വൻതോതിൽ വിദേശത്തേക്ക് ഒഴുകുന്ന സാഹചര്യമുണ്ട്. വിശദമായ പഠനത്തിന് ശേഷം കാലം ആവശ്യപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം കൊല്ലത്ത് യാഥാർത്ഥ്യമാക്കും.
സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും
അഷ്ടമുടിക്കായലും കടൽത്തീരവും കൊല്ലം തോടും അടിസ്ഥാനമാക്കിയുള്ള ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും. പുതിയ തലമുറയ്ക്ക് ഏറെ താല്പര്യമുള്ള നൈറ്റ് ലൈഫിന്റെ സാദ്ധ്യത പരിശോധിക്കും. പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |