
കൊല്ലം: കൊല്ലം-തേനി ദേശീയപാത (ദേശീയപാത-183) കടവൂർ ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപം ആഞ്ഞിലിമൂട് വരെ 20 മീറ്റർ വീതിയിൽ വികസിപ്പിക്കാനുള്ള 1663.15 കോടി രൂപയുടെ പദ്ധതിക്ക് അന്തിമാനുമതിയായി. ഫിനാൻഷ്യൽ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശ ദേശീയപാതയും റോഡ് ഗതാഗതവും മന്ത്രി അംഗീകരിച്ചതിനെ തുടർന്നാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചത്.
24 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണം. ആറ് മാസത്തിനകം ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ ഉറപ്പിക്കണമെന്നാണ് വ്യവസ്ഥ. ആറ് മാസത്തിനകം കരാറായില്ലെങ്കിൽ അനുമതി റദ്ദാകും. യൂട്ടിലിറ്റികൾ മാറ്റി സ്ഥാപിക്കുന്നതിനായി ആവശ്യമായ ഭൂമി ഉൾപ്പടെയുള്ള മുഴുവൻ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കുകയോ, അല്ലാത്തപക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട ജി.എസ്.ടി യുടെ സംസ്ഥാന വിഹിതം സംസ്ഥാനം തിരികെ നൽകുകയോ വേണം.
54.37 കിലോ മീറ്റർ ദൂരത്തിലാണ് വികസനം. ഒരു കിലോമീറ്റർ ദൂരത്തിന് 30.59 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 20 വർഷം റോഡ് നിലനിൽക്കത്തക്കവിധമുള്ള നിർമ്മാണമായിരിക്കും.
16 വലിയ ജംഗ്ഷനുകൾ
പദ്ധതിയുടെ ഭാഗമായി 16 വലിയ ജംഗ്ഷനുകളും 18 ചെറിയ ജംഗ്ഷനുകളും വികസിപ്പിക്കും. കൊല്ലം ബൈപ്പാസ്, പ്രാക്കുളം, മുക്കട, പോറ്റിമുക്ക് പേരേയം, കുണ്ടറ ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നല്ലുമുക്ക്, മാങ്കുഴി, ഇറവൻകര, മാവേലിക്കര, പൊന്നുകര, ആഞ്ഞലിമൂട് എന്നിവിടങ്ങളിലാണ് വലിയ ജംഗ്ഷനുകൾ. താന്നിക്കമുക്ക്, കുണ്ടറ അലിന്റ് ഗ്രൗണ്ട് ചിറ്റുമല, മൂന്നുമുക്ക്, കടപുഴ, പുന്നമൂട്, ഊക്കൻമുക്ക്, തെക്കേമുറി ശൂരനാട്, കണ്ണാമം, ആനയടി, വയ്യാംകര, ചാവടി, ഗുരുനാഥൻകുളങ്ങര, ചുനക്കര, നാലുമുക്ക്, ചിറയിൽ, കോടുകുളഞ്ഞി, പണിപ്പുരപടി എന്നിവിടങ്ങളിലാണ് ചെറിയ ജംഗ്ഷനുകൾ.
നാലുവരിപ്പാത- 20 മീറ്ററിൽ
വലിയ പാലങ്ങൾ-3
ചെറിയ പാലങ്ങൾ-6
കലുങ്കുകൾ-103
റെയിൽവേ ഓവർബ്രിഡ്ജ്-1
വെഹിക്കുലാർ അണ്ടർപാസ്-2
ബസ് സ്റ്റാൻഡ്-48
ഓട-ഇരുവശത്തും
24 മീറ്ററായാൽ
24 മീറ്റർ വീതിയിൽ വികസിപ്പിച്ചാൽ 70.26 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. 2752 നിർമ്മാണങ്ങൾ നീക്കം ചെയ്യണം. അതിൽ ഏകദേശം 91 ആരാധനാലയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വീതി 20 മീറ്ററായി ചുരുക്കിയത്.
തുക ഇങ്ങനെ (കോടിയിൽ)
നിർമ്മാണത്തിന് ₹ 689.20
യൂട്ടിലിറ്റിക്കുള്ള ഭൂമി ഏറ്റെടുക്കലിന് ₹ 72.24
ഭാവിയിലെ അറ്റകുറ്റപ്പണികൾക്ക് ₹ 20.33
റോഡിനുള്ള ഭൂമി ഏറ്റെടുക്കലിന് ₹ 259.40
കെട്ടിടങ്ങൾ ഇടിച്ചുമാറ്റാൻ ₹ 394.19
മറ്റ് ചെലവുകൾ ₹ 197.79
2019ൽ ആരംഭിച്ച വികസന നിർദ്ദേശത്തിന് നീണ്ട ഏഴുവർഷം കൊണ്ടാണ് അനുമതി ലഭിച്ചത്. പ്രവൃത്തി സമയബന്ധിതമായി നടപ്പാക്കാൻ തുടർ നടപടികൾ ത്വരിതപ്പെടുത്തും.
എൻ.കെ.പ്രേമചന്ദ്രൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |