SignIn
Kerala Kaumudi Online
Saturday, 27 June 2026 6.45 AM IST

പടിഞ്ഞാറെ കല്ലടയിൽ വിദ്യാർത്ഥിനികൾക്ക് നേരെ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

പടിഞ്ഞാറെ കല്ലട: പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിച്ചുവരുന്നതായി രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും പരാതി. സ്കൂളുകൾക്ക് സമീപം ജനവാസം കുറഞ്ഞതും സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതുമായ റോഡുകൾ കേന്ദ്രീകരിച്ചാണ് ബൈക്കുകളിലെത്തുന്ന ചെറുപ്പക്കാരായ അക്രമികൾ പെൺകുട്ടികളെ ലക്ഷ്യം വെക്കുന്നത്. ഹെൽമറ്റും മാസ്കും ധരിച്ചെത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധർ വിദ്യാർത്ഥിനികളെ ആക്രമിക്കുന്നതും പതിവാകുകയാണ്.

 വിദ്യാർത്ഥിനിയെ ഇടിച്ചുവീഴ്ത്തി ആഭരണം കവരാൻ ശ്രമം

കഴിഞ്ഞ ശനിയാഴ്ച വെസ്റ്റ് കല്ലട ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെയാണ് ഒടുവിലായി ആക്രമണമുണ്ടായത്. നെൽപ്പുര കുന്നിലെ ട്യൂഷൻ സെന്ററിൽ നിന്നും ട്യൂഷൻ കഴിഞ്ഞ് കോതപുരത്തുള്ള വീട്ടിലേക്ക് കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വരികയായിരുന്നു പെൺകുട്ടി. ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപം വെച്ച് കൂട്ടുകാർ അവരുടെ വീടുകളിലേക്ക് തിരിഞ്ഞതോടെ പെൺകുട്ടി ഒറ്റയ്ക്കായി.

ഈ സമയം പിന്നാലെ ബൈക്കിൽ ഹെൽമറ്റും മാസ്കും ധരിച്ചെത്തിയ അക്രമി പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കൈയിലെ ചെയിൻ പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭയന്നുവിറച്ച പെൺകുട്ടി നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് കൂടുതൽ അപകടമൊഴിവായത്. അപ്പോഴേക്കും അക്രമി ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു.

 പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

സംഭവത്തെ തുടർന്ന് വിദ്യാർത്ഥിനിയുടെ വീട്ടുകാർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇന്നേവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

 രാവിലെയും വൈകിട്ടും കുട്ടികൾ സ്കൂളിൽ പോവുകയും വരികയും ചെയ്യുന്ന സമയങ്ങളിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കി അവരുടെ സുരക്ഷ ഉറപ്പ് വരുത്തണം.കൂടാതെ അദ്ധ്യാപകർ ,രക്ഷിതാക്കൾ, നാട്ടുകാർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സംഘടനകൾ തുടങ്ങിയ വരെ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെ സംരക്ഷണവും സ്കൂളുകളുടെ പുരോഗതിയും ലക്ഷ്യമാക്കി ഒരു സംരക്ഷണസമിതി രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്.
ആർ.സി. പ്രസാദ്,

പി.ടി.എ പ്രസിഡന്റ് ,

വെസ്റ്റ് കല്ലട, ഗവ:ഹയർസെക്കൻഡറി സ്കൂൾ.

 പടിഞ്ഞാറെ കല്ലടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലും സമീപ ജില്ലകളിലും സംശയമുള്ളവരുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചുവരികയാണ്.സംശയത്തിന്റെ അടിസ്ഥാനത്തിൽ ഒരാളെ സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം കുറ്റവാളി അല്ലെന്ന് കണ്ട് വിട്ടയച്ചു. കേസ് അന്വേഷണത്തിനായി ഒരു പ്രത്യേക ടീമിനെ തന്നെ രൂപീകരിച്ചിട്ടുണ്ട്. നിലവിൽ എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് രാവിലെയും വൈകിട്ടും പെട്രോളിംഗ് തുടരുന്നുണ്ട്.
എ.പ്രസാദ്

ഡിവൈ.എസ്.പി ശാസ്താംകോട്ട.

വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയെ എത്രയും വേഗം പിടികൂടുവാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണം.

ഡാനിയേൽ ജോൺ,
പ്രസിഡന്റ് ,കല്ലട സൗഹൃദം കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL