
കൊല്ലം: വീടെന്ന് പറയാൻ പോലുമാവാത്ത പൊട്ടിപ്പൊളിഞ്ഞ മൺകെട്ടിലിരുന്ന് കഠിനാദ്ധ്വാനത്തിലൂടെ പത്താംക്ളാസിൽ ഉന്നത വിജയം നേടിയ കൃഷ്ണപ്രിയയ്ക്ക് ഇനിയും പഠിക്കണമെന്നുണ്ട്, പ്രതിസന്ധികൾ വട്ടം നിൽക്കേ ആഗ്രഹം പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് കൃഷ്ണപ്രിയയും കുടുംബവും.
വെളിയം ടി.വി.ടി.എം എച്ച്.എസ്.എസിൽ നിന്ന് 9 എ പ്ളസ് ഉൾപ്പടെ തിളക്കമാർന്ന വിജയമാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട, ഓയൂർ കൊക്കാട്ട് പുത്തൻവിള വീട്ടിൽ കൃഷ്ണപ്രിയ നേടിയത്. തുടർ പഠനവും അടച്ചുറപ്പുള്ളൊരു വീടും കൊതിക്കുന്ന മനസിന് പിന്തുണ നൽകാൻ മാതാപിതാക്കൾക്കാകുന്നില്ല.
കൊട്ടാരക്കര ടൗണിൽ വഴിയോരത്ത് കുടയും ചെരുപ്പും റിപ്പയർ ചെയ്യുന്ന തൊഴിലാണ് അച്ഛൻ ഉണ്ണിക്ക്. അമ്മ ഗോമതി വെളിനല്ലൂർ ഗവ.എൽ.പി സ്കൂളിലെ ബസ് ആയയാണ്. സഹോദരൻ ഉപൽ കൂലിപ്പണിക്ക് പോകുമ്പോൾ, മറ്റൊരു സഹോദരൻ ഉമേഷ് രോഗബാധിതനായി വീട്ടിൽത്തന്നെയാണ്. ഇവരുടെയെല്ലാം വലിയ പ്രതീക്ഷയാണ് കൃഷ്ണപ്രിയയുടെ മികച്ച വിജയം.
ഉണ്ണിക്ക് കുടുംബ ഓഹരിയായി ലഭിച്ച മൂന്ന് സെന്റിലെ പൊട്ടിപ്പൊളിഞ്ഞ കുടിലിലാണ് ഇവരുടെ താമസം. വീട്ടിലേക്ക് കഷ്ടിച്ച് നടന്നുപോകാനുള്ള ചെറിയ ഇടവഴിമാത്രം. മേൽക്കൂരയിലെ തകര ഷീറ്റുകൾ ദ്രവിച്ചതിനാൽ പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് നിലവിൽ മഴ നനയാതെ കഴിയുന്നത്. മഴയത്ത് പാഠപുസ്തകങ്ങൾ നനഞ്ഞുപോകാതിരിക്കാൻ പ്ളാസ്റ്റിക് കവറുകളിലാക്കിയാണ് കൃഷ്ണപ്രിയ സൂക്ഷിക്കുന്നത്.
അന്തിയുറക്കം കുളിമുറിയിൽ
ഇടിയും മിന്നലും ശക്തമായ മഴയുമുള്ളപ്പോൾ പുറത്തെ കുളിമുറിയിലാണ് അമ്മയും മകളും രാത്രി കഴിച്ചുകൂട്ടുക. വീടിന്റെ ഭിത്തികൾ ഏത് നിമിഷവും ഇടിഞ്ഞുവീഴാം. ചെറിയൊരു ഭാഗം നേരത്തെ പൊട്ടിവീണു. കിടന്നുറങ്ങാൻപോലും സൗകര്യമില്ലാത്ത ഈ വീട്ടിലിരുന്ന് പഠിച്ചാണ് കൃഷ്ണപ്രിയ മികച്ച മാർക്ക് നേടിയത്. മുമ്പ് ഉണ്ണിയുടെ അനുജന്റെ കുടുംബത്തോടൊപ്പമുള്ള സംയുക്ത റേഷൻ കാർഡായിരുന്നതിനാൽ, പഞ്ചായത്തിൽ നിന്ന് ലഭിച്ച ഭവന പദ്ധതിയുടെ സഹായം അനുജനാണ് ലഭിച്ചത്. ഒരു മാസം മുമ്പാണ് സ്വന്തമായി റേഷൻ കാർഡ് കിട്ടിയത്.
പ്ളസ് ടുവിന് ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്നാണ് ആഗ്രഹം. ഈ ദുരിതാവസ്ഥയിൽ പഠനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ല. പത്താം ക്ളാസിൽ ട്യൂഷൻ സെന്ററുകാർ ഫീസ് വാങ്ങിയിരുന്നില്ല.
കൃഷ്ണപ്രിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |