SignIn
Kerala Kaumudi Online
Sunday, 14 June 2026 3.10 AM IST

ട്രോളിംഗ് നിരോധനം ശോകം: കറിച്ചട്ടി കാണാതെ കായൽ മീനും

fish

കൊല്ലം: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മീൻപ്രിയർ ഏറെ ആശ്രയിച്ചിരുന്ന അഷ്ടമുടി കായൽ മത്സ്യങ്ങളുടെ ലഭ്യതയിൽ വൻ ഇടിവ്. ആവശ്യക്കാർ കൂടിയതോടെ വിലയും കറിച്ചട്ടിയെ പൊള്ളിച്ചുതുടങ്ങി. കൂഴവാലി, ഞണ്ട്, കൊഞ്ച് എന്നിവയുടെ ലഭ്യത തീരെ കുറഞ്ഞു.

തനത് ഇനങ്ങളായ നങ്ക്, ഇളമ്പാട്ട, കണമ്പ്, ചെമ്മീൻ തുടങ്ങിയവയുടെ ലഭ്യത പേരിന് പോലുമില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സാമ്പ്രാണിക്കോടി, അഷ്ടമുടി വള്ളക്കടവ്, വെള്ളിമൺ, കടവൂർ, ശക്തികുളങ്ങര തുടങ്ങിയ ഇടങ്ങളിലെ ലേലക്കടവുകളിൽ കായൽ മീനുകൾ എത്തുന്നുണ്ടെങ്കിലും മിക്കവയ്ക്കും വലിയ മതിപ്പുവിലയാണ് ഈടാക്കുന്നത്. ഫാമുകളിൽ വളർത്തുന്ന മീനുകൾ ഇല്ലായിരുന്നെങ്കിൽ അടുക്കളകളിൽ മീൻ കറിയുടെ തിള നിലയ്ക്കുമായിരുന്നു.

തെന്മല ഡാം വന്നതോടെ കായലിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതും മുക്കാട് മേഖലയിലും സമീപ തുരുത്തുകളിലും മണ്ണടിഞ്ഞ് ചാലുകൾ അടഞ്ഞതും മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചു. കൂടാതെ വലുപ്പച്ചെറുപ്പമില്ലാതെ മീനുകളെ കുടുക്കുന്ന ടങ്കൂസ്, ചൈനീസ് വലകളുടെ വ്യാപനവും മത്സ്യസമ്പത്തിന് തിരിച്ചടിയായി.

കായൽ കൈയേറ്റം, മണൽ വാരൽ, കണ്ടൽക്കാടുകളുടെ നാശം, മലിനജലം തള്ളൽ എന്നിവയാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിച്ചത്. മൺസൂൺ കാലത്ത് മുട്ടയിടാനെത്തുന്ന മുപ്പതോളം ഇനം കടൽമത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ പ്രവേശന കവാടങ്ങളിലെ കാവൽവലകൾ ഉപയോഗിച്ച് നശിപ്പിക്കുന്നതും തൂമ്പുംപടലം വഴി കരിമീൻ, കണമ്പ് കുഞ്ഞുങ്ങളെ വൻതോതിൽ വാരിയെടുക്കുന്നതും വംശനാശത്തിന് വേഗത കൂട്ടി.

91 ഇനങ്ങളിലേക്ക് ചുരുങ്ങി

കേരള സർവകലാശാല അക്വാറ്റിക് ബയോളജി വിഭാഗത്തിന്റെ പഠനപ്രകാരം മുമ്പ് നൂറിലധികം മത്സ്യങ്ങൾ അഷ്ടമുടി കായലിലുണ്ടായിരുന്നു. നിലവിലിത് 91 ഇനം മത്സ്യ-ഷെൽഫിഷ് ഇനങ്ങളിലേയ്ക്ക് ചുരുങ്ങി. 68 ഇനം നാടൻ മീനുകൾ, 5 ഇനം ഞണ്ടുകൾ, 9 ഇനം ചെമ്മീനുകൾ, 9 ഇനം കക്കവർഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. കായലിൽ മുമ്പ് സുലഭമായിരുന്ന കണമ്പ്, കാളാഞ്ചി, ശീലാവ്, കൂരി, ഏട്ട, വറ്റ, പൂമീൻ, വിവിധ പരൽ ഇനങ്ങൾ, നന്തൽ, മുള്ളൻ തുടങ്ങിയ മീനുകളുടെ ലഭ്യതയിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

വില (കിലോയ്ക്ക്)

കരിമീൻ ₹ 800

കൊഞ്ച് ₹ 900

ചെമ്പല്ലി, പൂമീൻ, അഴുക ₹ 700-800

തേട് ₹ 350

കായൽ ചൂട ₹ 250

കൂഴവാലി 10 എണ്ണത്തിന് ₹100

വള്ളത്തിൽ പോയാൽ അരിക്കാശ് പോലും കിട്ടാത്ത സ്ഥിതിയുണ്ട്. മീനിന് വില കിട്ടുമെങ്കിലും മണിക്കൂറുകൾ കഷ്ടപ്പെട്ടാലും മീൻ കിട്ടാത്ത സ്ഥിതിയാണ്. തൊഴിലാളികളിൽ ഭൂരിഭാഗവും മറ്റ് മേഖലകളിലേക്ക് ചേക്കേറി.

ഷിബു ജോസഫ്

മത്സ്യത്തൊഴിലാളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL