SignIn
Kerala Kaumudi Online
Monday, 15 June 2026 2.52 AM IST

കൊല്ലം ജില്ലാ ആശുപത്രിയിൽ: പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടറില്ല, മോർച്ചറിക്ക് മുന്നിൽ സംഘർഷം

 പോസ്റ്റ്മോർട്ടം ചെയ്യേണ്ടിയിരുന്നത് 5 മൃതദേഹങ്ങൾ

 ബന്ധുക്കൾ കാത്തുനിന്നത് 6 മണിക്കൂറിലേറെ


​കൊല്ലം: പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർ ഇല്ലാതിരുന്നതിനാൽ ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് മൃതദേഹങ്ങളുമായി ബന്ധുക്കൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നത് സംഘർഷം സൃഷ്ടിച്ചു. അഞ്ച് മൃതദേഹങ്ങളാണ് ഇന്നലെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടിയിരുന്നത്.

ബന്ധുക്കൾ രാവിലെ എട്ട് മുതൽ മോർച്ചറിക്ക് മുന്നിൽ കാത്തുനിൽപ്പായി. എന്നാൽ ഉച്ചയ്ക്ക് ഒരുമണി പിന്നിട്ടിട്ടും ഒരു പോസ്റ്റ്മോർട്ടം പോലും നടത്താനായില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വ്യക്തിപരമായ കാരണങ്ങളാൽ പെട്ടെന്ന് അവധിയിൽ പ്രവേശിച്ചെന്നാണ് അധികൃതർ നൽകിയ വിശദീകരണം. പകരം സംവിധാനം ഒരുക്കിയിരുന്നുമില്ല. ഇതോടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

ഒരു മൃതദേഹം ഇത്രയും നേരം ആംബുലൻസിൽ തന്നെ കിടത്തിയിരിക്കുകയായിരുന്നു. ചില മൃതദേഹങ്ങൾ മോർച്ചറിക്ക് പുറത്ത് പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ അനാദരവോടെ കിടത്തിയെന്നും ആക്ഷേപമുണ്ട്. പ്രതിഷേധം ശക്തമായതോടെയാണ് ഇവ ഉള്ളിലേക്ക് മാറ്റി. ഫ്രീസറുകളിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഐസ് ഉരുകിത്തീർന്നിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെ വച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. നിരന്തരം വിളിച്ചിട്ടും ആശുപത്രി സൂപ്രണ്ട് ഫോണെടുത്തില്ല. ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെട്ടപ്പോൾ ഔദ്യോഗിക യോഗത്തിലാണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

രണ്ടുമണി​ കഴി​ഞ്ഞ് ഡോക്ടറെത്തി​

കൗൺസിലർ ശശികലാറാവുവും മറ്റ് ജനപ്രതിനിധികളും ഈസ്റ്റ് പൊലീസും ഇതിനിടെ സ്ഥലത്തെത്തി. ഇതോടെ ആംബുലൻസുകളിലുണ്ടായിരുന്ന മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റാൻ നടപടിയായി. പോസ്റ്റ്മോർട്ടം നടപടികൾ ഉടനടി പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ കളക്ടർ അടിയന്തര നിർദ്ദേശം നൽകി. ഇതോടെ ഉച്ചയ്ക്ക് രണ്ടിന് ശേഷം ഡോക്ടർ ആശുപത്രിയിലെത്തി നടപടികൾ ആരംഭിച്ചു. ​മതപരമായ ചടങ്ങുകൾ പാലിച്ച് വൈകുന്നേരത്തിന് മുമ്പായി സംസ്കാരം നടത്തേണ്ട കുടുംബങ്ങളാണ് വലഞ്ഞത്. ജില്ലാ ആശുപത്രിയിലെ പ്രതിസന്ധി നേരത്തെ അറിയിച്ചിരുന്നെങ്കിൽ മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

ഞായറാഴ്ചയായിരുന്നതിനാൽ ഒരു ഡോക്ടർ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളു. ഡോക്ടറുടെ കുട്ടിക്ക് സുഖമില്ലാതെവന്നതിനാൽ ഡോക്ടർ തിരികെ വീട്ടിൽ പോയി. ഒരുമണിയോടെ മടങ്ങിയെത്തി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.

ആശുപത്രി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL