
ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ പ്രസിദ്ധമായ ഓച്ചിറക്കളി ഇന്നും നാളെയും ഓച്ചിറ പടനിലത്ത് നടക്കും. ഇന്ന് രാവിലെ 10ന് ഭദ്രദീപം തെളിച്ച് സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ക്ഷേത്രങ്ങളിൽ പരബ്രഹ്‌മ സങ്കൽപ്പ വിശ്വാസത്തിൽ വിഗ്രഹങ്ങളും ആരാധനാക്രമങ്ങളും തന്ത്രമന്ത്രങ്ങളും ഇല്ലാത്ത തികച്ചും വ്യത്യസ്‌തമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം.
കായംകുളം രാജാവിന്റെ പടയാളികളുടെ പരീശീനകക്കളരിയായതിനാലാണ് ഓച്ചിറയ്ക്ക് പടനിലം എന്ന വിളിപ്പേര് വന്നത്. മാസങ്ങൾ നീണ്ടുനിൽക്കുന്ന പടയാളികളുടെ കഠിന പരിശീലനത്തിന്റെയും ഗതകാല യുദ്ധങ്ങളുടെയും ഓർമ്മ പുതുക്കൽ കൂടിയാണ് ഓച്ചിറക്കളി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളിൽ നിന്നുള്ള അഭ്യാസികൾ ഓച്ചിറക്കളിയിൽ പങ്കെടുക്കും.
41 ദിവസത്തെ വ്രതത്തിനും പരിശീലനത്തിനും ശേഷമാണ് ഇവർ ഓച്ചിറക്കളിയിൽ പങ്കെടുക്കാൻ പടനിലത്തെത്തുന്നത്. വായ്ത്താരിയോടുകൂടിയ ചുവടുകളും വാളും പരിചയും ഉപയോഗിച്ചുള്ള വെട്ടും തടയുമാണ് ഓച്ചിറക്കളിയിലെ പ്രധാന ആയോധന മുറകൾ. ഇതിനായി വടികളും അലകുകൊണ്ടുള്ള വാളുകളും പരിചയും ഉപയോഗിക്കുന്നു. ആദ്യം കരയിലും തുടർന്ന് എട്ടുകണ്ടത്തിലും യോദ്ധാക്കൾ ആയോധന കലകൾ അവതരിപ്പിക്കും.
വിളംബര ഘോഷയാത്ര തിരികെയെത്തി
ഓച്ചിറക്കളിക്ക് മുന്നോടിയായുള്ള വിളംബരഘോഷയാത്ര ക്ഷേത്രപരിധിയിലെ 52 കരകളും സന്ദർശിച്ചശേഷം ക്ഷേത്രത്തിൽ തിരികെയെത്തി. വാദ്യമേളങ്ങൾ, രഥം, അലങ്കരിച്ച ഋഷഭവീരന്മാർ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച വിളംബര ഘോഷയാത്രയ്ക്ക് ക്ഷേത്രഭാരവാഹികൾ അകമ്പടി സേവിച്ചു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജീവ് കടകമ്പള്ളി, സെക്രട്ടറി ബി.എസ്.വിനോദ്, വൈസ് പ്രസിഡന്റ് ആർ.ഡി.പത്മകുമാർ, ട്രഷറർ സാഗർ മക്കാടം തുടങ്ങിയവർ നേതൃത്വം നൽകി.
ഇതുവരെ അറുന്നൂറോളം കളിസംഘങ്ങൾ ഓച്ചിറക്കളിയ്ക്കായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓച്ചിറക്കളിൽ പങ്കെടുക്കുന്ന അഭ്യാസികൾക്ക് ക്ഷേത്രഭരണസമിതി യൂണിഫോമുകൾ വിതരണം ചെയ്യും. കിഴക്ക് കരയിലുള്ളവർക്ക് ചുവപ്പ്, പടിഞ്ഞാറ് കരകളിലുള്ളവർക്ക് വെള്ള നിറങ്ങളിലും കളിആശാന്മാർക്ക് സ്വർണനിറത്തിലുമുള്ള ബനിയനുകളാണ് വിതരണം ചെയ്യുന്നത്. കളിയാശാന്മാർക്ക് ഇക്കുറി അധിക പാരിതോഷികവും മത്സര വിജയികൾക്ക് സമ്മാന വിതരണവും ഉണ്ടായിരിക്കും.
കാർഷിക - കന്നുകാലി മേള
ഓച്ചിറ ഗ്രാമപഞ്ചായത്തും ക്ഷേത്രഭരണസമിതിയും സംയുക്തമായി കാർഷിക, കന്നുകാലിമേള സംഘടിപ്പിക്കുന്നു. ഇന്ന് മുതൽ 19 വരെയാണ് മേള. ഓച്ചിറ ഗ്രാമപഞ്ചായത്ത്, സംസ്ഥാന കൃഷി വകുപ്പ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, സി.പി.സി.ആർ.ഐ, കാർഷിക ഗവേഷണ സർവകലാശാല വികസന ഏജൻസി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കാർഷിക- കന്നുകാലിമേള നടക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലി പ്രദർശനം 17ന് നടക്കും. കാർഷിക പഠന ക്ലാസുകൾ, സെമിനാറുകൾ, കലാപരിപാടികൾ, കാർഷിക ഉപകരണങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും അലങ്കാര പക്ഷികളുടെയും പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. നൂറോളം സ്റ്റാളുകളിൽ കാർഷിക പ്രദർശനവും വില്പനയും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |