
കൊല്ലം: ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കിത്തുടങ്ങിയതോടെ രണ്ടാഴ്ചയ്ക്കിടെ അഞ്ചുപേർ മരണത്തിന് കീഴടങ്ങി. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച്.വൺ എൻ.വൺ എന്നിവ ബാധിച്ചാണ് മരണം. ഇടവിട്ട് പെയ്യുന്ന മഴയും തുടർന്നുണ്ടാകുന്ന കടുത്ത ചൂടും രോഗവ്യാപനം രൂക്ഷമാക്കിയതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
മേലില സ്വദേശിനിയായ 77കാരി ഡെങ്കിപ്പനി ബാധിച്ചും കടയ്ക്കൽ സ്വദേശിയായ 59കാരൻ എലിപ്പനി ബാധിച്ചും ഏരൂർ സ്വദേശിനിയായ 68കാരി എച്ച്.വൺ എൻ.വൺ ബാധിച്ചുമാണ് മരിച്ചത്. കൂടാതെ മഞ്ഞപ്പിത്തം ബാധിച്ച് കൊറ്റങ്കര സ്വദേശിനിയായ 73കാരിയും ശൂരനാട് നോർത്ത് സ്വദേശിനിയായ 64കാരിയും മരിച്ചു.
അസ്ഥിരമായ കാലാവസ്ഥ രോഗാണുക്കളും കൊതുകുകളും പെരുകാൻ കാരണമായതോടെ ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളെല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം 67 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ബാധിച്ച് 16 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
നെടുമ്പന, അഞ്ചൽ, കടയ്ക്കൽ തുടങ്ങിയ മേഖലകളിലാണ് നിലവിൽ രോഗവ്യാപനം കൂടുതൽ ശക്തമായിട്ടുള്ളത്. തൃക്കോവിൽവട്ടം, പെരിനാട് എന്നിവിടങ്ങളിൽ രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ പകർച്ചപ്പനികൾക്ക് പുറമെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നുപേർ ജില്ലയിൽ ചികിത്സയിലുണ്ട്.
സ്വയം ചികിത്സ അരുത്
രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സ പാടില്ല
വിദഗ്ദ്ധ ചികിത്സ തേടണം
തുടർ മരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി
വീട്ടുപറമ്പുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്
ആഴ്ചയിലൊരിക്കൽ 'ഡ്രൈ ഡേ' ആചരിക്കണം
മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഇടവിട്ടുള്ള മഴയും അതിനുപിന്നാലെയുള്ള കടുത്ത ചൂടുമാണ് ഡെങ്കിപ്പനി വ്യാപനത്തിന് കാരണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും ജാഗ്രത പാലിക്കണം.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |