ഓരോ കിലോമീറ്ററിലും 360 ഡിഗ്രി റഡാർ ക്യാമറകൾ
കൊല്ലം: അതിവിശാലവും വൺവേയുമായ പുതിയ ദേശീയപാത തുറന്നു കിട്ടുന്നതോടെ, മുൻ പിൻ നോക്കാതെ പറക്കാമെന്നു കരുതുന്നവർ ഇക്കാര്യമൊന്നു ശ്രദ്ധിച്ചാൽ കൊള്ളാം, ആറുവരിപ്പാതയിൽ ഓരോ കിലോമീറ്ററിലും 500 മീറ്റർ വരെയുള്ള ദൃശ്യങ്ങൾ കൃത്യമായി പകർത്തുന്ന 360 ഡിഗ്രി റഡാർ ക്യാമറകളുണ്ടാകും! അതിന് പുറമേ എല്ലാ എൻട്രി, എക്സിറ്റ് പോയിന്റുകളിലും വീഡിയോകൾ പകർത്തുന്ന ക്യാമറകളുമുണ്ട്. വാഹനത്തിന് പുറത്തും അകത്തുമുള്ള എല്ലാ നിയമ ലംഘനങ്ങളും ക്യാമറക്കണ്ണുകളിൽ പതിയുമെന്ന് സാരം.
റോഡിയോ തരംഗങ്ങൾ ഉപയോഗിച്ച് വാഹനങ്ങളുടെ വേഗം കണ്ടെത്തി ദൃശ്യങ്ങൾ പകർത്തുന്നതാണ് 360 ഡിഗ്രി റഡാർ ക്യാമറ. അമിത വേഗത്തിൽ പായുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സഹിതമുള്ള ചിത്രങ്ങളാകും സൂക്ഷ്മമായി പകർത്തുക. സംസ്ഥാന സർക്കാർ സ്ഥാപിച്ച എ.ഐ ക്യാമറകളെ വെല്ലുന്ന വിധം വ്യക്തതയുള്ള ചിത്രങ്ങളാവും ലഭിക്കുന്നത്. ദേശീയപാത നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ ക്യാമറകൾ സ്ഥാപിച്ചു തുടങ്ങി. ഒരു കിലോമീറ്റർ വീതം അകലത്തിലുള്ള 360 ഡിഗ്രി ക്യാമറകൾ കറങ്ങി 500 മീറ്റർ വരെ ദൂരത്തിലുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനാൽ ആറ് വരിപ്പാതെ പൂർണമായും ക്യാമറ കണ്ണിലായിരിക്കും
ദേശീയപാത അതോറിട്ടി നിയോഗിക്കുന്ന സ്വകാര്യ ഏജൻസി പ്രത്യേകം കൺട്രോൾ റൂം തയ്യാറാക്കിയാകും ക്യാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കുക. നിയമ ലംഘനങ്ങളുടെ ചിത്രങ്ങൾ പിഴ ചുമത്താനായി മോട്ടോർ വാഹന വകുപ്പിന് കൈമാറും. അപകടങ്ങൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടാൽ കൈമാറും.
ബൈക്ക്, ഓട്ടോ വിലക്കുണ്ടാവില്ല
സർവ്വീസ് റോഡ് സഹിതം ദേശീയപാതയ്ക്ക് 45 മീറ്റർ മാത്രം വീതിയായതിനാൽ ജില്ലയിലെ ആറുവരിപ്പാതയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക് ഏർപ്പെടുത്തിയേക്കില്ല. വിലക്കുണ്ടായാൽ ആറുവരിപ്പാതയിൽ കയറുന്ന ഓട്ടോറിക്ഷകളുടെയും ഇരുചക്ര വാഹനങ്ങളുടെയും ചിത്രങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറും.
..................................
ജില്ലയിൽ 360 ഡിഗ്രി റഡാർ ക്യാമറകൾ 58 എണ്ണം
75 വീഡിയോ റെക്കോർഡിംഗ് ക്യാമറകൾ
ക്യാമറകൾ കേടായാൽ ഉടൻ അറ്റകുറ്റപ്പണി
നിയന്ത്രണം സ്വകാര്യ ഏജൻസിക്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |