കൊല്ലം: വാടക കെട്ടിടത്തിലെ അഞ്ച് കുടുസ് മുറികളിൽ വർഷങ്ങളായി ശ്വാസംമുട്ടുന്ന ഇരവിപുരം പൊലീസ് സ്റ്റേഷന് വൈകാതെ സ്വന്തം ഭൂമിയും കെട്ടിടവുമാകും. ഇരവിപുരം വഞ്ചിക്കോവിലിനടുത്ത് കണ്ടെത്തിയ സ്വകാര്യ ഉടമസ്ഥതയിലുള്ള 27 സെന്റ് ഭൂമിക്ക് വില നിശ്ചയിക്കാൻ സർക്കാർ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.
നെഗോഷ്യബിൾ പർച്ചേസ് ആക്ട് പ്രകാരമാവും ഭൂമി വാങ്ങൽ. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർ പ്രദേശത്തെ സമീപകാല ഭൂമി ഇടപാടുകൾ പരിശോധിച്ച് വില സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി കളക്ടർക്ക് കൈമാറും. തുടർന്ന് കളക്ടർ ഭൂ ഉടമകളുമായി സംസാരിച്ച് വില ഉറപ്പിക്കും. അതിന് പിന്നാലെ ഉടമസ്ഥർക്ക് ആഭ്യന്തര വകുപ്പ് പണം കൈമാറി ഭൂമി വാങ്ങും. നടപടികൾ വേഗത്തിൽ മുന്നോട്ട് നീങ്ങിയാൽ ആറ് മാസത്തിനകം ഇരവിപുരം പൊലീസ് സ്റ്റേഷന് സ്വന്തം ഭൂമിയാകും.
അല്പം പഴക്കമുള്ള വീട് അടക്കം സ്ഥിതി ചെയ്യുന്നതാണ് വഞ്ചിക്കോവിലിലെ ഭൂമി. സ്ഥലം വാങ്ങിക്കഴിഞ്ഞാൽ വീട് നവീകരിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത് വരെ സ്റ്റേഷൻ ഈ കെട്ടിടത്തിൽ പ്രവർത്തിക്കാം. 1.5 കോടി നിലവിൽ അനുവദിച്ചിട്ടുണ്ട്. വാടക കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിക്കുന്ന ഇരവിപുരം സ്റ്റേഷന് സ്വന്തം സ്ഥലം കണ്ടെത്താൻ ഒരു പതിറ്റാണ്ട് മുൻപേ നീക്കം ആരംഭിച്ചതാണ്. സ്റ്റേഷന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി 'കേരളകൗമുദി' പലതവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിലവിൽ ഏറെ പഴക്കമുള്ള വാടക കെട്ടിടത്തിൽ
കെട്ടിടത്തിൽ സ്ഥലപരിമിതി
കേസെഴുതുന്നത് താത്കാലിക ഷെഡിൽ
റെക്കാഡ് റൂമും ആർമ്സ് റൂമും ഒരുമിച്ച്
പ്രാഥമികാവശ്യങ്ങൾക്ക് ഒരു ശൗചാലയം
വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |