SignIn
Kerala Kaumudi Online
Monday, 20 July 2026 9.24 AM IST

കൊട്ടാരക്കരയിൽ: കായിക കുതിപ്പിന് മിനി സ്റ്റേഡിയം

കൊട്ടാരക്കര: കായിക താരങ്ങൾക്ക് പ്രതീക്ഷ നൽകി കൊട്ടാരക്കരയിൽ മിനി സ്റ്റേഡിയം സജ്ജമാകുന്നു, കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടാണ് മിനി സ്റ്റേഡിയമാക്കി മാറ്റുന്നത്. 2024-25 വാർഷിക ബഡ്ജറ്റിൽ സർക്കാർ 2 കോടി രൂപയാണ് അനുവദിച്ചത്.

സ്പോ‌ർട്സ് കേരള ഫൗണ്ടേഷൻ തയ്യാറാക്കിയ പദ്ധതിക്ക് അനുസരിച്ചാണ് തുക അനുവദിച്ചത്. കായിക മേളകൾ നടത്താനുപകരിക്കും വിധം നിലവാരമുള്ള സ്റ്റേഡിയമാക്കി മാറ്റുകയാണ് ലക്ഷ്യം. നിർമ്മാണ ജോലികൾ മാസങ്ങൾക്ക് മുമ്പേ തുടങ്ങിയെങ്കിലും ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

ഒരു വശത്ത് ഗാലറിയുടെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. ഇവിടെ നിന്നെടുത്ത മണ്ണ് ഇപ്പോഴും വലിയ കൂനയായി കിടക്കുകയാണ്. മഴ പെയ്യുന്നതിനാൽ മണ്ണിറങ്ങി ചെളിക്കുണ്ടായി മാറുന്നുണ്ട്. ഈ ചെളിസ്ഥലത്താണ് വിദ്യാർത്ഥികൾ കായിക വിനോദങ്ങൾക്ക് എത്തുന്നത്. ജില്ലാ സ്കൂൾ കായിക മേളയടക്കമുള്ള മേളകളും മത്സരങ്ങളും നടന്നുവരുന്ന സ്റ്റേഡിയമാണ് കൊട്ടാരക്കരയിലേത്. നിർമ്മാണ ജോലികൾ അതിവേഗം പൂർത്തിയാക്കിയെങ്കിലേ അടുത്ത കായിക മേളകൾക്ക് ഉപകരിക്കൂ.

ഫള്ഡ് ലൈറ്റുകൾ സ്ഥാപിച്ചു

കെ.എൻ.ബാലഗോപാൽ മന്ത്രിയായിരിക്കെ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു കളിസ്ഥലംവീതം അനുവദിച്ചിരുന്നു. കൊട്ടാരക്കര നഗരസഭയിൽ അനുവദിച്ചത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിനായി ഉപയോഗിക്കുകയായിരുന്നു. വിശാലമായ കളിസ്ഥലം, ഗാലറി, പവലിയൻ, ഇരുവശവും ഫ്ളഡ് ലൈറ്റുകൾ, ചുറ്റും ഇരുമ്പുവേലി, പ്രവേശന കവാടം എന്നിവയാണ് പദ്ധതിയിലുള്ളത്. ഇതിൽ ഫ്ളെഡ് ലൈറ്റുകൾ സ്ഥാപിച്ചു. മികച്ച പ്രകാശ സംവിധാനം ലഭിക്കും വിധത്തിൽ ഉയരത്തിലാണ് വിളക്കുകൾ സ്ഥാപിച്ചത്. നൂറുമീറ്റർ നീളത്തിൽ ഗാലറിയും നിർമ്മിച്ചു. ഇതിന്റെ സിമന്റ് പൂശലടക്കം പൂർത്തിയായി. പെയിന്റിംഗും മറ്റും ശേഷിക്കുന്നുണ്ട്.

ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങൾ

 ഫുട്ബാൾ കോർട്ട്, ലോംഗ് ജംബ് പിറ്റ്, തുറന്ന ജിംനേഷ്യം, ആർ.സി.സി, ബാഡ്മിന്റൺ കോർട്ട് എന്നിവ തയ്യാറാക്കും

 മൈതാനത്തിന് ചുറ്റും ഇന്റർലോക്ക് പാകി നടപ്പാതയൊരുക്കും

 പ്രവേശന കവാടം കോൺക്രീറ്റ് ബ്ളോക്ക് പാകി സഞ്ചാരയോഗ്യമാക്കും

 പ്രഭാത നടത്തക്കാർക്ക് ഗുണകരമാകും

 മത്സരങ്ങളിൽ പങ്കെടുക്കുന്നവർ വീണാലും സാരമായ പരിക്കേൽക്കാത്ത വിധത്തിലുള്ള നിർമ്മാണ പ്രവർത്തനം

 മേൽപ്പാളിയിലെ മണ്ണ് ഇളക്കിമാറ്റിയ അരിച്ച മണ്ണും മണലും മിശ്രിതമാക്കി ഫുട്ബാൾ മൈതാനം

 നൈലോൺ വേലിയും ഡ്രെയിനേജ് സംവിധാനവും ഒരുക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE\
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL