അഞ്ചാലുംമൂട്: എൻജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് നൂതന കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പെരുമൺ എൻജിനീയറിംഗ് കോളേജിന്റെ വികസനസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
കോളേജിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന നൂതന കോഴ്‌സുകൾ സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ കോളേജ് അധികൃതരോട് മന്ത്രി നിർദേശിച്ചു. വിദ്യാർത്ഥികളുടെ യാത്രാദുരിതം പരിഹരിക്കാൻ കൊല്ലം-പെരുമൺ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നതിനൊപ്പം നിലവിലെ സർവീസുകൾ വിപുലീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കേരളകൗമുദി റിപ്പോർട്ട് ചെയ്ത, കോളേജ് പരിസരത്തെ കാട് ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
ആദ്യവർഷ വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ-അക്കാഡമിക് സമുച്ചയങ്ങളുടെ നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും കോളേജിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിത വിജയൻ, കോളേജ് പ്രിൻസിപ്പൽ ബിജോയ് എബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ജി.രാജേഷ്‌കുമാർ, വിവിധ അദ്ധ്യയന വിഭാഗം മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |