SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

ചാകര തേടി ബോട്ടുകൾ ഇന്ന് അർദ്ധരാത്രി കടലിലേക്ക്

കൊല്ലം: 52 നാൾ നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം ബോട്ടുകൾ ഇന്ന് അർദ്ധരാത്രി കടലിലേക്ക് കുതിക്കും. ബോട്ടുകളിൽ വലിയൊരു വിഭാഗവും ഇന്ധനം നിറച്ചുകഴിഞ്ഞു. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയെ ഇതര സംസ്ഥാന തൊഴിലാളികളും മടങ്ങിയെത്തി.

പോകുന്ന ദിവസം തന്നെ മടങ്ങിവരുന്ന ചെറിയ ബോട്ടുകൾ നാരൻ, കരിക്കാടി, കഴന്തൻ തുടങ്ങിയവ തേടിയാണ് പോകുന്നത്. ഇവ നൂറ് മുതൽ 130 അടി വരെ ആഴമുള്ള ഭാഗത്താണ് വലവിരിക്കുന്നത്. ഒരാഴ്ച വരെ കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകൾ 250 മുതൽ 300 അടി വരെ ആഴമുള്ള ഭാഗത്ത് വലവിരിക്കും. ഇവ ഓലക്കണവ, പേക്കണവ, കിളിമീൻ തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്നത്. ചെറിയ ബോട്ടുകൾക്കും കിളിമീൻ ലഭിക്കും. അധിക ദൂരം പോകാത്ത ചെറിയ ബോട്ടുകൾ മറ്റന്നാൾ പുലർച്ചെ മുതൽ തിരികെവന്ന് തുടങ്ങും. അതുകൊണ്ട് തന്നെ കഴിഞ്ഞ 52 ദിവസമായി ആളനക്കമില്ലാതിരുന്ന ശക്തികുളങ്ങര ഹാർബറിൽ മറ്റന്നാൾ പുലർച്ചെ മുതൽ മത്സ്യലേലത്തിന്റെ ആരവം ഉയരും. ജില്ലയിൽ ഏകദേശം എണ്ണൂറോളം ബോട്ടുകളാണുള്ളത്. അതിൽ ബഹുഭൂരിപക്ഷവും ഇന്ന് അർദ്ധരാത്രി കടലിലേക്ക് പോകും.

വിലയും കുറയും

ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്ക് പുറമേ പുതിയ റോപ്പും വലയും ഭൂരിഭാഗം ബോട്ടുകളും വാങ്ങിയിട്ടുണ്ട്. കടലിന്റെ അടിത്തട്ട് ഏറെ ദിവസമായി ശാന്തമായതിനാൽ കാര്യമായി മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകൾ. ബോട്ടുകൾ കടലിൽ പോയി മടങ്ങിവരുന്നതോടെ മത്സ്യവിലയിൽ ചെറിയ കുറവുണ്ടാകും. അതിന് പുറമേ ശക്തികുളങ്ങര കേന്ദ്രീകരിച്ചുള്ള മത്സ്യസംസ്കരണ യൂണിറ്റുകളും സജീവമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL