അഞ്ചൽ: പത്ത് വർഷത്തിലധികമായി നിർമ്മാണം മുടങ്ങിക്കിടന്ന അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. അജയൻ മുൻകൈയെടുത്ത് പദ്ധതിക്കായി 1.5 കോടി രൂപ കൂടി അനുവദിച്ചതോടെയാണ് സ്റ്റേഡിയം നിർമ്മാണത്തിന് ജീവൻവെച്ചത്. കഴിഞ്ഞ 7-ന് ചേർന്ന ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിൽ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകി.
വർഷങ്ങളുടെ കാത്തിരിപ്പ്
2014-15 കാലഘട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ്. ജയമോഹൻ 45 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. തുടർന്ന് 2018ൽ അന്നത്തെ വനംവകുപ്പ് മന്ത്രി കെ. രാജു 1 കോടി രൂപ കൂടി അനുവദിക്കുകയും സ്‌പോർട്സ് കേരള ഫൗണ്ടേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ വിവിധ സാങ്കേതിക തടസങ്ങളെത്തുടർന്ന് പദ്ധതിയുടെ നിർമ്മാണം പൂർണമായും നിലയ്ക്കുകയായിരുന്നു.
ത്വരിതഗതിയിൽ നിർമ്മാണം പൂർത്തിയാക്കും
സ്റ്റേഡിയം നിർമ്മാണം വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം ചേർന്നു. സി. അജയപ്രസാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം ടി. അജയൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
പദ്ധതിക്കായി പുതിയ എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നൽകാൻ സ്‌പോർട്സ് കേരള ഫൗണ്ടേഷന് കത്ത് നൽകിയിട്ടുണ്ട്. മേഖലയിലെ കായികപ്രതിഭകളെ വാർത്തെടുക്കാൻ ഉതകുന്ന മികച്ചൊരു സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം കൃത്യസമയത്ത് പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
ടി.അജയൻ
(ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
അനുവദിച്ച ആകെ തുക 2.95 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |