കുണ്ടറ: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ വൃദ്ധദമ്പതികൾക്ക് നേരെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ അതിക്രമം. ബസിൽ നിന്ന് ഇറങ്ങും മുമ്പ് വാഹനം മുന്നോട്ടെടുത്ത് വൃദ്ധയെ താഴെ വീഴ്ത്തുകയും ചോദ്യം ചെയ്ത ഭർത്താവിനെ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി.
പെരിനാട് ഇടവട്ടത്ത് ചേരിയിൽ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനുമായ അപ്പുക്കുട്ടൻ പിള്ള (78), ഹൃദ്രോഗിയായ ഭാര്യ രാധമ്മ (77) എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. കൊട്ടാരക്കരയിൽ നിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തിയ പ്രിയദർശിനി ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രദർശനം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മാമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ മൂന്നുപേരാണ് ഇറങ്ങാനുണ്ടായിരുന്നത്. ആദ്യമിറങ്ങിയയാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സമയം കൂടുതലെടുത്തു. പിന്നാലെ ഗൃഹനാഥനും ഒടുവിലായി രാധമ്മയും ഇറങ്ങാൻ ശ്രമിച്ചു. എന്നാൽ രാധമ്മ പടിയിൽ നിന്ന് ഇറങ്ങുന്നതിനും കണ്ടക്ടർ ബെല്ലടിക്കുന്നതിനും മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.
പടിയിൽ നിന്ന് താഴേക്ക് വീണ രാധമ്മ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഭാര്യ വീഴുന്നത് കണ്ട് അപ്പുക്കുട്ടൻ പിള്ള ഡ്രൈവറോട് കയർത്തു. തുടർന്ന് രോഷാകുലനായ ഡ്രൈവർ ബസിൽ നിന്ന് ഇറങ്ങി അസഭ്യവർഷവുമായി ചെരുപ്പൂരി അടിക്കാൻ ഓടിയെത്തുകയായിരുന്നു. സമീപത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ബസിലെ യാത്രക്കാരും ചേർന്നാണ് ഡ്രൈവറെ തടഞ്ഞത്. കൊല്ലം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ ദമ്പതികളുടെ മകൻ കുണ്ടറ പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |