
ചാത്തന്നൂർ: ഇത്തിക്കരയിൽ പുതിയ പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ. ടാറിംഗ് മാത്രമാണ് പൂർത്തിയാകാനുള്ളത്. ടാറിംഗ് കഴിഞ്ഞാൽ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്ന് ദേശീയപാത വിഭാഗം അധികൃതർ പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ അടിപ്പാതയുടെ നിർമ്മാണം വന്നതോടെ പുതിയ പാലം നിർമ്മാണം വൈകുകയായിരുന്നു. അടിപ്പാത പൂർത്തിയാക്കണമെങ്കിൽ പുതിയ പാലത്തിൽ കൂടി വാഹനങ്ങൾ കടത്തി വിടേണ്ടിവരും. അതിനാലാണ് ഇവിടെ ബാക്കിയുള്ള റോഡിന്റെ പണി പൂർത്തിയാക്കി പാലം തുറന്ന് കൊടുക്കാനുള്ള നടപടികളുമായി അധികൃതർ മുന്നോട്ട് പോകുന്നത്. നാല് വരിയുള്ള പാലം തുറന്ന് കൊടുത്താൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പാലത്തിന്റെ ഇരു വശങ്ങളിലും സർവീസ് റോഡ് ഇല്ല. എങ്കിലും പാലത്തിന്റെ വടക്ക് വശത്തെ പഴയപാലത്തിൽ കൂടി സർവീസ് റോഡ് പോലെ വാഹനങ്ങൾ ആയൂർ റോഡിൽ നിന്നെത്തി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും. അതിനാൽ ഇത്തിക്കര പഴയ പാലത്തിൽ കൂടി എന്നും വാഹനങ്ങൾ ഓടും.
മന്ത്രിയുടെ മൃതദേഹം
കടത്തിവിട്ട് ഉദ്ഘാടനം!
അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മന്ത്രി ടി.കെ. ദിവാകരന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര
കടത്തിവിട്ടു ഉദ്ഘാടനം ചെയ്യപ്പെട്ട പാലമാണ് ഇത്തിക്കരയിലേത്. ടി.കെ. ദിവാകരന്റെ വലിയ സ്വപ്നം ആയിരുന്നു ഇത്തിക്കരയിലെ പാലം. അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ തറക്കല്ലിട്ട് പണി തുടങ്ങി പൂർത്തിയാക്കി. 1976 ജനുവരി 20ന് തുറന്നു കൊടുക്കാനായിരുന്നു തീരുമാനം. ഉദ്ഘാടകനായി മന്ത്രി ടി.കെ. ദിവാകരനെയും നിശ്ചയിച്ചു. എന്നാൽ ആഴ്ചകൾക്ക് മുന്നേ അദ്ദേഹം അസുഖബാധിതനായി തിരുവനന്തപുരം മെഡി, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഉദ്ഘാടനത്തിന്റെ തലേന്ന് മരണം. ഉത്സവ ലഹരിയിലായിരുന്ന ഇത്തിക്കര പ്രദേശം ശോക മൂകമായി. മറ്റാരെയെങ്കിലും കൊണ്ട് ഉദ്ഘാടനം നടത്താനുള്ള നീക്കത്തെ ജനങ്ങൾ എതിർത്തു. തുടർന്ന് വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ചാത്തന്നൂരിൽ എത്തിയപ്പോൾ മൃതദേഹം വഹിച്ചു കൊണ്ടുള്ള വാഹനം
പാലത്തിലൂടെ കടന്നു പോയി ഉദ്ഘാടനം നിർവഹിക്കപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |